കേന്ദ്രസർക്കാരിന്റെ രാജീവ് ദശലക്ഷം ഭവനപദ്ധതിപ്രകാരം വീടുകൾ നിർമിച്ചത് കേരളീയ ജീവിതരീതിക്ക് അനുസരിച്ചല്ല; കാടുകയറി നശിക്കുന്നത് 41 വീടുകൾ
കൂത്തുപറമ്പ് : കേന്ദ്രസർക്കാരിന്റെ രാജീവ് ദശലക്ഷം ഭവനപദ്ധതിപ്രകാരം മാങ്ങാട്ടിടം പഞ്ചായത്ത് ആയിത്തറയിൽ നിർമിച്ച 41 വീടുകൾ കാടുകയറി നശിക്കുന്നു. 1993ൽ നിർമിച്ച ഈ വീടുകളിൽ ഇതുവരെ ഒരാൾപോലും താമസത്തിനെത്തിയിട്ടില്ല. 250 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീടുകളിൽ 2 കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടുന്ന രീതിയായിരുന്നു നിർമിച്ചത്.
എന്നാൽ, ആയിത്തറയിലെ വീടുകൾ കേരളത്തിന്റെ ജീവിതരീതിക്ക് അനുസരിച്ചല്ല നിർമിക്കപ്പെട്ടതെന്നതെന്നതു പ്രധാന പ്രശ്നമായി. ഉയരം കുറഞ്ഞ ചെറിയ മുറികളോടുചേർന്ന് അടുക്കളയും ശുചിമുറിയും അടുത്തടുത്തായി ഉൾപ്പെടുത്തിയത് ആളുകൾക്ക് ബുദ്ധിമുട്ടായി. കുടിവെള്ളത്തിനായി കിണറോ മറ്റ് സംവിധാനങ്ങളോ ഒരുക്കാത്തതിനാൽ ആരും താമസിക്കാൻ തയാറായില്ല.
23 കൊല്ലം മുൻപ് 45,000 രൂപ ചെലവഴിച്ചാണ് വീടുകൾ നിർമിച്ചത്. കേന്ദ്ര പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത ഭൂമി പഞ്ചായത്തിന് തിരിച്ചുപിടിക്കാൻ കഴിയാത്തതിനാൽ മറ്റ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനും സാധിക്കുന്നില്ല.
