മെഡിക്കൽ കോളജ് പാലയാട് റോഡ് അടച്ചിട്ടിട്ട് ആഴ്ചകൾ; ബദൽ വഴിയുമില്ല; യാത്രക്കാർ ദുരിതത്തിൽ

Share our post

പരിയാരം :കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് മുൻവശത്ത് ട്രക്ക് ബേ നിർമാണത്തിനായി അടച്ചിട്ട പാലയാട് റോഡ് ആഴ്ചകൾ കഴിഞ്ഞിട്ടും തുറന്നില്ല. ബദൽ സംവിധാനം ഒരുക്കാതെയാണ് റോഡ് അടച്ചുപൂട്ടിയത്. ഇതോടെ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി.ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ട്രക്ക് ബേ നിർമിക്കുന്നത്. ഇതിനായി കുളപ്പുറം – പാലയാട് റോഡിലേക്കുള്ള പ്രവേശന റോഡാണ് അടച്ചത്. പണി തുടങ്ങിയതോടെ റോഡ് പൂർണമായും അടഞ്ഞു. പിന്നീട് റോഡ് തുറക്കാൻ അധികൃതർ തയാറായില്ല. ആഴ്ചകളായി ഈ അവസ്ഥ തുടരുകയാണ്.നിലവിലവുള്ള റോഡ് വെട്ടിക്കുറച്ചാണ് ട്രക്ക് ബേ നിർമാണം തുടങ്ങിയത്. ഇപ്പോൾ പാലയാട് റോഡ് ഭാഗത്ത് വെറും രണ്ട് മീറ്റർ വീതി മാത്രമാണ് ഉള്ളത്. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കാറും ഓട്ടോയും അങ്ങോട്ട് കടക്കുക എന്നത് അസാധ്യമായി.

പാലയാട് ഭാഗത്തേക്ക് പോകുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്കും സ്കൂളിലേക്കും ആരാധനാലയങ്ങളിലേക്കും വരുന്നവരും ഇതുവഴി തന്നെ വരണം. രോഗികളുമായി മെഡിക്കൽ കോളജിലേക്ക് വരുന്നവർക്കും ഇതു വലിയ ബുദ്ധിമുട്ടാണ്. റോഡ് അടഞ്ഞതോടെ കിലോമീറ്ററുകൾ ചുറ്റിയാണ് ഇപ്പോൾ യാത്ര. ജനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കുന്ന റോഡിൽ പണി നടക്കുമ്പോൾ ബദൽ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ റോഡ് അടച്ച് പൂട്ടിയിട്ടും ബദൽ വഴിയോ, റോഡ് വീതികൂട്ടി തുറക്കാനുള്ള നടപടിയോ അധികൃതർ ഒരുക്കിയില്ല.

എം.വിജിൻ എംഎൽഎ, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് സനീപ് മോഹന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും എൻഎച്ച്എഐ അധികൃതരും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചെങ്കിലും ജനങ്ങൾ ആശ്രയിക്കുന്ന റോഡ് ഇപ്പോഴും അടഞ്ഞ നിലയിലാണ്. ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെ പ്രതിഷേധം ശക്തമാകുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!