ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു

Share our post

തളിപ്പറമ്പ്: പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. എം.വിപിനും, എം. വൈശാഖും സഹോദരങ്ങളാണ്. നാലു മുതൽ 20 വരേയുള്ള പ്രതികളെ വെറുതെവിട്ടു.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ആണ് വിധിപറഞ്ഞത്. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പത്തുവർഷത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്.

2016 ജൂലായ് 11-ന് രാത്രി പത്തോടെ ധനരാജിനെ ഒരുസംഘം വീടിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നെന്ന് സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി.കുഞ്ഞികൃഷ്ണൻ ആരോപിച്ചതോടെയാണ് ധനരാജ് വധക്കേസ് വീണ്ടും ചർച്ചയായത്. പാർട്ടിവിട്ട കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സി.പി.എമ്മിനെ തോൽപ്പിച്ച് നിയമസഭാംഗമാകുകയും ചെയ്തു.

അന്ന് പയ്യന്നൂർ സി.ഐ.യായിരുന്ന വി.രമേശനാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് സി.ഐ.യായിവന്ന എം.പി.ആസാദാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 43 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 177 രേഖകളും 33 മെറ്റീരിയൽ തെളിവുകളും ഹാജരാക്കി. 2025 സെപ്റ്റംബർ 25-നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ കേസ് വിസ്താരം തുടങ്ങിയത്.

രാമന്തളി മൊട്ടക്കുന്നിലെ ടി.പി.ബിജു (34), കക്കംപാറയിലെ എം.വിപിൻ (34), കക്കംപാറയിലെ എം.വൈശാഖ് (31), ചിറ്റടിയിലെ സി.സുകേഷ് (31), കക്കംപാറയിലെ കെ.വി.പ്രജിത്ത് ലാൽ (31), കെ.അനൂപ് (31), കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷ് (39), കാങ്കോൽ ആലക്കാട്ടെ കെ.എം.ബിജു (44), പയ്യന്നൂർ കാരയിലെ പി.രാജേഷ് കുമാർ (53), രാമന്തളി കക്കംപാറയിലെ കെ.മനൂപ് (32), മൊട്ടക്കുന്നിലെ സി.ഷൈജു (31), കക്കംപാറയിലെ കെ.ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി.രാജീവൻ (34), കക്കംപാറയിലെ കെ.മധു (42), തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ.അജീഷ് (കണ്ണൻ-38), ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), പയ്യന്നൂർ കാരയിലെ രമേശൻ കാര (50), കാങ്കോൽ വടശ്ശേരിയിലെ എ.പി.നിജേഷ് (കുട്ടൻ-38), മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ലിജിൻ (31) എന്നിവരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നവർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!