ശബരിമല വെർച്വൽ ക്യൂ; ബുക്ക് ചെയ്ത ദിവസം വന്നില്ലെങ്കിൽ മണ്ഡലകാലത്ത് പിന്നെ അവസരമില്ല
ശബരിമല : അയൽ സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്തു മറിച്ചു വിൽക്കുന്നത് തടയാനൊരുങ്ങി പൊലീസും ദേവസ്വം ബോർഡും. സോഫ്റ്റ്‌വെയറിൽ അടിമുടി പരിഷ്കാരം വരുത്താനാണ് നീക്കം. ബുക്ക് ചെയ്ത ദിവസം എത്താത്തവർക്കും ബുക്കിങ് റദ്ദാക്കാതിരിക്കുന്നവർക്കും മണ്ഡലകാലത്തു പിന്നീടു ബുക്കിങ് അനുവദിക്കില്ല.
ബുക്ക് ചെയ്ത ദിവസം എത്താൻ അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസത്തേക്കു സമയം മാറ്റാം. ബുക്കിങ് റദ്ദാക്കണമെങ്കിൽ അതിനും സൗകര്യമുണ്ടായിരിക്കും. ഈ മണ്ഡലകാലത്ത് തന്നെ മാറ്റങ്ങൾ നടപ്പാക്കാനാണ് നീക്കം. കൂട്ടത്തോടെയുള്ള ബുക്കിങ് അവസാനിപ്പിക്കാൻ ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ കഴിഞ്ഞദിവസം മുതൽ നിർബന്ധമാക്കിയിട്ടുണ്ട്.
ഓരോ തീർഥാടകന്റെയും ആധാർ നമ്പർ നൽകി അതുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് ഒടിപി അയച്ച് ഉറപ്പാക്കിയാൽ മാത്രമേ ഇപ്പോൾ വെർച്വൽ ക്യൂ ബുക്ക് ചെയ്യാനാകൂ. ഓരോ തീർഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യുആർ കോഡ് നൽകണമെന്നും ഇതു പമ്പയിലോ നിലയ്ക്കലോ പരിശോധിക്കണമെന്നും ആലോചനയുണ്ടെങ്കിലും ഇത് ഉടൻ നടപ്പാക്കില്ല.
