ചാലയിലെ സ്വർണക്കവർച്ച; നാലുപേർ വയനാട്ടിൽനിന്ന് പിടിയിൽ
തിരുവനന്തപുരം∙ ചാലയിൽ ജ്വല്ലറി അടച്ചശേഷം രാത്രി വീട്ടിലേക്കു മടങ്ങിയ സ്വർണക്കട ഉടമയുടെ പക്കൽനിന്ന് 2 കിലോഗ്രാം സ്വർണം അജ്ഞാതസംഘം തട്ടിയെടുത്ത സംഭവത്തിൽ നാലുപേർ പിടിയിൽ. വയനാട് പടിഞ്ഞാറത്തറയിൽനിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായതെന്നാണ് വിവരം.
വ്യാഴാഴ്ച രാത്രി 10.35നു സഭാപതി റോഡിലായിരുന്നു സംഭവം. ‘വൈഷ്ണവി ജ്വല്ലേഴ്സ്’ എന്ന പേരിലുള്ള തന്റെ ജ്വല്ലറി അടച്ചശേഷം ചാലയിൽനിന്നു മരക്കട ഭാഗത്തേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ പോവുകയായിരുന്ന മണക്കാട് ചാല വാർഡ്, വൈഷ്ണവി നിവാസിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന പിന്തുടർന്നെത്തിയ രണ്ടുപേർ സ്വർണം വച്ചിരുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു. സ്വർണമടങ്ങിയ കറുത്ത നിറത്തിലുള്ള ക്രോസ് ബാഗ് നന്ദകുമാർ ശരീരത്തിനു കുറുകെ ഇട്ടിരിക്കുകയായിരുന്നു. 2.60 കോടി രൂപ മൂല്യമുള്ള സ്വർണമാണു നഷ്ടമായത്.
പ്രതികൾ നന്ദകുമാറിനെ പിന്തുടർന്ന് എത്തുന്നതിന്റെയും ബൈക്കിന്റെ പിന്നിലിരുന്നയാൾ ബാഗ് തട്ടിയെടുക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ സമീപത്തെ കടയിൽനിന്നു ഫോർട്ട് പൊലീസിനു ലഭിച്ചിരുന്നു. പവർഹൗസ് മേൽപാലം വഴി തകരപ്പറമ്പ് ഭാഗത്തേക്കാണു പ്രതികൾ പോയതെന്നു പൊലീസ് പറഞ്ഞു.
