കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാത; സർവീസ് റോഡിന് വീതിയില്ല; തട്ടിയും മുട്ടിയും വാഹനങ്ങൾ
ചാല : ദേശീയപാത നിർമാണത്തിന് വേണ്ടി പൊളിച്ചുമാറ്റിയ സംസ്ഥാന പാതയ്ക്ക് ഇപ്പോൾ പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല. കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാതയിലെ ചാലയിൽ കണ്ണൂർ ഭാഗത്തേക്കും കൂത്തുപറമ്പ് ഭാഗത്തേക്കുമുള്ള ഗതാഗതം ദുസ്സഹമായി. 7 മീറ്റർ മാത്രം വീതിയുള്ള സർവീസ് റോഡിലൂടെ ഒരു നിയന്ത്രണവുമില്ലാതെ ഓടുന്ന വാഹനങ്ങൾ ചാലയെ അപകട ഭീതിയിലാക്കിയിയിട്ട് ദിവസങ്ങളായി.
പലപ്പോഴും നടക്കുന്ന അപകടങ്ങളിൽ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയാൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകും. എന്നാൽ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് കൂത്തുപറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡിൽനിന്ന് ചാല അമ്പലം സ്റ്റോപ് ഭാഗത്തേക്ക് പ്രവേശിക്കുമ്പോഴാണ് നിയന്ത്രണംവിട്ട ലോറി സ്കൂട്ടറും ഓട്ടോറിക്ഷയും കാറും അടക്കമുള്ള വാഹനങ്ങളെ ഇടിച്ച് തെറിപ്പിപ്പിച്ചത്.
ഒരു സമയം ഒരു വലിയ വാഹനത്തിന് പോകാൻ മാത്രം വീതിയുള്ള റോഡിലൂടെയാണ് ഇരു ഭാഗത്തേക്കും മുഴുവൻ സമയവും വാഹനങ്ങൾ ഓടുന്നത്. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ പോകുമ്പോൾ മുട്ടി, മുട്ടിയില്ല എന്ന അവസ്ഥയാണ് റോഡിൽ. വലിയ വാഹനങ്ങളുടെ അരികിൽ ഉരസി ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതും പതിവ് സംഭവങ്ങളായിട്ടുണ്ട്. രാത്രി സമയങ്ങളിൽ സർവീസ് റോഡിൽ കൂരിരുട്ടാണെന്നതും അപകട ഭീതി വർധിപ്പിക്കുന്നുണ്ട്.
സർവീസ് റോഡിൽ നിന്ന് ചാല അമ്പലം സ്റ്റോപ്പിലേക്ക് പ്രവേശിക്കുന്ന സ്ഥലം അറ്റടപ്പ റോഡ്, അടിപ്പാത റോഡ് എന്നിവ ചേരുന്ന കവലയാണ്. കണ്ണൂർ ഭാഗത്തുനിന്ന് സർവീസ് റോഡിലൂടെ വാഹനങ്ങൾ വേഗത്തിൽ ഈ കവലയിലേക്ക് പ്രവേശിക്കുന്നതും അപകട ഭീതിയുണ്ടാക്കുന്നുണ്ട്. ഇവിടെ വാഹനങ്ങളുടെ വേഗം കുറയ്ക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
