ചെറിയ ഉള്ളിവില റെക്കോഡിലേക്ക്; കിലോയ്ക്ക് 200 രൂപ സവാളയ്ക്ക് 60 രൂപയായി
കോയമ്പത്തൂർ: കോയമ്പത്തൂർ മാർക്കറ്റിൽ ചെറിയ ഉള്ളിക്ക് റെക്കോഡ് വില. മൊത്തവില കിലോയ്ക്ക് 180 രൂപയായി. 200 രൂപയാണ് ചില്ലറ വില്പനവില. വിപണിയിൽ വരവ് കുറഞ്ഞതോടെ ദിവസേന വില കൂടുകയാണ്. ഒരുമാസമായി ചെറിയ ഉള്ളിയുടെ വില കൂടാൻ തുടങ്ങിയിട്ട്. അടുത്തിടെയാണ് 180 രൂപയിലെത്തിയത്. ഇങ്ങനെ പോയാൽ മൊത്തവില കിലോയ്ക്ക് 200 രൂപയാകുമെന്ന് കോയമ്പത്തൂർ ടി.കെ. മാർക്കറ്റ് പച്ചക്കറി വ്യാപാരിസംഘം പ്രസിഡന്റ് എം. രാജേന്ദ്രൻ പറഞ്ഞു.
നിലവിൽ കോയമ്പത്തൂരിലെ ആലാന്തുറ ഭാഗത്തെയും പല്ലടത്തെയും വൻകിട കർഷകരുടെ കൈവശംമാത്രമാണ് ചെറിയ ഉള്ളി സ്റ്റോക്കുള്ളത്. തമിഴ്നാട്ടിലെയും കേരളത്തിലെയും വിപണികളിലേക്ക് ഇവിടെനിന്നാണ് ഉള്ളി പോകുന്നത്. ഡിസംബർ പാതിയിൽ അടുത്ത വിളവെടുപ്പ് തുടങ്ങുംവരെ വില കുറയാൻ സാധ്യതയില്ലെന്ന് രാജേന്ദ്രൻ പറഞ്ഞു.
സവാളയുടെ വിലയും കൂടിയിട്ടുണ്ട്. കിലോയ്ക്ക് 60 രൂപയാണ് മൊത്തവില. ദീപാവലി കഴിഞ്ഞതോടെ മഹാരാഷ്ട്രയിൽ വിളവെടുപ്പ് സജീവമായിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മഹാരാഷ്ട്രയിൽനിന്ന് സവാളയെത്തുന്നതോടെ വില 40 രൂപയായി കുറയുമെന്നാണ് പ്രതീക്ഷ. വെളുത്തുള്ളിക്കും വില കുത്തനെ കൂടിയിട്ടുണ്ട്. ഒന്നാംനമ്പറിന് കിലോയ്ക്ക് 300 രൂപയാണ് മൊത്തവില.
