നാടൻമുട്ടയ്ക്ക് 12 രൂപ വരെ; കേട്ടാൽ ഞെട്ടുംവിധം കുതിച്ചു കയറി മുട്ട വില

Share our post

കണ്ണൂർ : ആഘോഷം മുന്നിൽ കണ്ട് കോഴിമുട്ടയ്ക്കും മുട്ടൻ വിലയുമായി വിപണി. ക്രിസ്മസ് ആഘോഷം മുന്നിൽകണ്ട് തമിഴ്നാട്ടിലെ ഇടനില കച്ചവടക്കാരാണു മുട്ട വില ഉയർത്തിയിരിക്കുന്നത്. വെള്ളമുട്ടയുടെ വില പലയിടത്തും 8.50 രൂപ വരെയായി. കഴിഞ്ഞ മാസം 6.40 രൂപ വരെയായിരുന്നു വില. പതിയെ 7 കടന്നാണ് എട്ടരയിലേക്കു കുതിച്ചത്. നാമക്കലിൽ നിന്നാണു കേരളത്തിലേക്ക് ആവശ്യമായ മുട്ടയുടെ ഭൂരിഭാഗവും എത്തുന്നത്. ഒരു ട്രേയ്ക്ക് (30 മുട്ട) ഇപ്പോൾ 225 രൂപ വരെ കൊടുക്കേണ്ടി വരുന്നു.

കേരളത്തിൽ പ്രതിദിനം ആവശ്യമായ 1.40 കോടി മുട്ടയിൽ 50 ലക്ഷം മാത്രമാണു കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്. ബാക്കി തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. നാമക്കലിലെ ഉൽപാദകർ ലാർജ്, മീഡിയം, പുള്ളൻ എന്നിങ്ങനെ തരംതിരിച്ചു തരുന്ന മുട്ടകൾ ഇടനിലക്കാർ കൂട്ടിക്കലർത്തി ഉയർന്ന വിലയ്ക്കു വിൽക്കുന്നതായും വ്യാപാരികൾക്കു പരാതിയുണ്ട്. ലാർജ് മുട്ടയ്ക്ക് 6 രൂപയും മീഡിയത്തിന് 5.50 രൂപയും പുള്ളന് 5 രൂപയുമാണ് ഉൽപാദനതലത്തിലെ വില. ബ്രൗൺ മുട്ടയുടെ പേരിലും ഉപയോക്താക്കൾ കബളിപ്പിക്കപ്പെടുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തുന്ന ബിവി – 380 ഇനത്തിലെ കോഴികളുടെ മുട്ട നാടൻ മുട്ടയെന്ന പേരിലാണു വിൽപന.

ബ്രൗൺ മുട്ടയ്ക്കു മൊത്തവില 8 രൂപയും ചില്ലറ വില 9 രൂപയുമാണ്. യഥാർഥ നാടൻമുട്ടയ്ക്ക് 10 രൂപയായിരുന്നു വാങ്ങിയിരുന്നത്. ഇപ്പോഴത് 12 രൂപയുമായി. നാടൻ മുട്ടയുടെ ലഭ്യതക്കുറവും ആവശ്യക്കാരുടെ താൽപര്യവും മുതലാക്കിയാണു വിൽപന. നിറവും വലുപ്പവും നോക്കി മുട്ടയുടെ ഇനം തിരിച്ചറിയാമെന്നാണു വ്യാപാരികൾ പറയുന്നത്. നാടൻ മുട്ടയ്ക്ക് സാധാരണ 35 – 50 ഗ്രാം തൂക്കമാണുള്ളത്. തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയ്ക്ക് 60– 70 ഗ്രാം വരെയാണു തൂക്കം. പോഷകഗുണത്തിന്റെ കാര്യത്തിൽ വെള്ളയും നാടനും വലിയ വ്യത്യാസമില്ല. കോഴിത്തീറ്റയുടെ വിലവർധനയും ക്രിസ്മസ് കേക്ക് നിർമാണം ആരംഭിച്ചതും വില ഉയരാനുള്ള കാരണമായി പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!