സൂപ്പർ സ്റ്റാറായി വിലസിയ ചിരട്ടയുടെ താരമൂല്യത്തിന് ഇടിവ്; വില 37-ൽനിന്ന് 19-ലേക്ക് വീണു
മലപ്പുറം: ആക്രിക്കടയിൽ സൂപ്പർ സ്റ്റാറായി വിലസിയ ചിരട്ടയുടെ താരമൂല്യത്തിന് ഇടിവ്. രണ്ടാഴ്ചമുൻപ് കിലോയ്ക്ക് 37 രൂപയുണ്ടായിരുന്ന ചിരട്ടയ്ക്ക് ഇപ്പോൾ വില 19 രൂപാ മാത്രം. കരിയാക്കുന്ന യൂണിറ്റുകളിലേക്കുള്ള എടുപ്പ് കുറഞ്ഞതാണ് പ്രധാനകാരണം. ഫിലിപ്പീൻസ്, ഇൻഡൊനീഷ്യ എന്നിവിടങ്ങളിൽനിന്ന് ആവശ്യത്തിന് ചിരട്ടക്കരി എത്തിയതോടെയാണ് വിപണിയിൽ വിലയിടവ് നേരിട്ടത്.
കേരളത്തിൽനിന്നുള്ള ചിരട്ടകൾ ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിനായി തമിഴ്നാട്ടിലേക്കാണ് കൂടുതലായി കൊണ്ടുപോയിരുന്നത്. ദുർഗന്ധം, വിഷാംശങ്ങൾ തുടങ്ങിയവ ആഗിരണംചെയ്യാനുള്ള കഴിവാണ് ആക്ടിവേറ്റഡ് കാർബണുകളുടെ പ്രത്യേകത. കൽക്കരി, മുള തുടങ്ങിയവയിൽനിന്നും ഇവ ലഭിക്കും. വെള്ളം ശുദ്ധീകരിക്കുക, വായു ശുദ്ധീകരിക്കുക, ദുർഗന്ധം മാറ്റുക എന്നിവയൊക്കെയാണ് ഉപയോഗം. സൗന്ദര്യവർധക വസ്തുക്കളായ സോപ്പ്, ടൂത്ത് പേസ്റ്റ്, ഫേസ് സ്ക്രബ്, ഫേസ് വാഷ്, ഫേസ് മാസ്ക് തുടങ്ങിയവയുടെ നിർമാണത്തിലും ചിരട്ടയിൽനിന്നുള്ള കാർബൺ ഉപയോഗിക്കുന്നുണ്ട്.
ദീർഘനേരം കത്തുന്നതിനു ചന്ദനത്തിരി നിർമിക്കുന്ന സമയത്തും ചിരട്ടപ്പൊടി ചേർക്കാറുണ്ട്. പ്ലൈവുഡിൽ മരത്തിനൊപ്പം ചിരട്ടക്കരി ഉപയോഗിച്ച് ശക്തി കൂട്ടാറുണ്ട്. ഇതൊക്കെ കാരണമാണ് നാട്ടിൽ ചിരട്ടയ്ക്ക് ഏതാനും വർഷങ്ങളായി നല്ല വിലയുണ്ടായിരുന്നത്. ഗ്യാസ് ക്ഷാമം നേരിട്ട സമയത്ത് ഹോട്ടലുകാർ പ്രധാനമായും ആശ്രയിച്ചത് ചിരട്ടയായിരുന്നു. അതും ഇടക്കാലത്ത് ചിരട്ടയുടെ പ്രിയം കൂട്ടി. ഇപ്പോൾ ഗ്യാസ് ആവശ്യത്തിനു ലഭ്യമായതോടെ ആ ഡിമാൻഡും കുറഞ്ഞു. ഇതോടെ ആക്രിക്കച്ചവടക്കാർ പ്രതിസന്ധിയിലായി. രണ്ടാഴ്ച മുൻപെടുത്ത ചിരട്ട ഇപ്പോൾ കെട്ടിക്കിടക്കുകയാണെന്ന് മഞ്ചേരിയിൽ കച്ചവടം നടത്തുന്ന മാടസ്വാമി (മുത്തു) പറഞ്ഞു. 35 രൂപയ്ക്കെടുത്ത ചിരട്ട കുറഞ്ഞവിലയ്ക്ക് കയറ്റി അയയ്ക്കേണ്ട ഗതികേടിലാണ്
