പരീക്ഷയെഴുതാൻ അനുമതി വേണം; കാലടി സർവകലാശാലയിലെ വിദ്യാർഥികൾ സുപ്രിംകോടതിയിലേക്ക്

Share our post

തിരുവനന്തപുരം: പരീക്ഷയെഴുതാൻ അനുമതി തേടി കാലടി സർവകലാശാലയിലെ വിദ്യാർഥികൾ സുപ്രിംകോടതിയിലേക്ക്. പരീക്ഷയെഴുതാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് നാളെ സുപ്രിംകോടതിയെ സമീപിക്കും.

‌ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വിധി. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ സിസ തോമസും സര്‍വകലാശാലയും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെയാണ് പരീക്ഷയെഴുതാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമായ ഹാജരില്ലെന്നും സൂപ്പര്‍ ഫൈനോട് കൂടി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതിയും കഴിഞ്ഞുപോയെന്നുമാണ് വിസിയുടെ വാദം. നാളെ മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നിഷേധിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നഷ്ടമാകുന്നത്

ആഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ടു മാസം കഴിഞ്ഞിട്ടും സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പ് എഴുതി നൽകിയാൽ 12 വിദ്യാർഥികളുടേയും സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു ഇന്നലെ കൂടിയ സിൻഡിക്കറ്റ് തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!