കുരുന്നുകൾക്കു നേരെ തെരുവുനായ്ക്കള്‍; ഹോൺ മുഴക്കി സ്കൂട്ടറുമായി പാഞ്ഞെത്തി യുവാവ്
കണ്ണൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും കുട്ടികൾക്ക് രക്ഷകനായി യുവാവ്. കൂത്തുപറമ്പിനടുത്ത് പൂക്കോട് ചന്ദ്രശേഖരൻ തെരുവിലാണ് സംഭവം. തൃക്കണ്ണാപുരം അമ്പിളി നിവാസിൽ വി.പി.ഷിജിത്താണ് നായ്ക്കളുടെ കൂട്ടം രണ്ടു കുട്ടികൾക്കു നേരെ പാഞ്ഞടുത്തപ്പോൾ സമയോചിതമായി ഇടപെട്ട് കുട്ടികളെ രക്ഷിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
പൂക്കോട് ചന്ദ്രശേഖരൻ തെരുവിലെ ഡി.ടി.ഡി.സി കൊറിയർ ഓഫീസിന് മുന്നിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് കുട്ടികൾക്കു നേരെയാണ് തെരുവുനായ്ക്കളുടെ കൂട്ടം പാഞ്ഞടുത്തത്. സംഭവം സുഹൃത്തിനൊപ്പം സ്കൂട്ടറിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഷിജിത്തിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. പിന്നാലെ ഒട്ടും വൈകിയില്ല. ഉടൻ സ്കൂട്ടറുമായി ഹോണ്‍ അടിച്ച് പിടിച്ച് ശബ്ദമുണ്ടാക്കി കുട്ടികളുടെ അരികിലെത്തിയ ഷിജിത്ത് നായ്ക്കളെ പ്രതിരോധിച്ച് കുട്ടികളെ സുരക്ഷിതരാക്കുകയായിരുന്നു.
