ചേരാനല്ലൂർ അപകടം; കോടതിയിൽ നാടകീയ രംഗങ്ങൾ; ഭീഷണിപ്പെടുത്തിയാണ് വക്കാലത്ത് ഒപ്പിടീച്ചതെന്ന് ജയബാലകൃഷ്ണന്റെ ബന്ധു, ഹർജിയിൽ ഗുരുതര പിഴവ്

Share our post

കൊച്ചി: ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച കാർ ഇടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ കോടതിയിൽ നാടകീയ രംഗങ്ങൾ. പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ ഹർജി പരിഗണിക്കവെയാണ് സംഭവം. അഭിഭാഷകനെതിരെ ജയബാലകൃഷ്ണന്റെ ബന്ധു രംഗത്തെത്തി. എറണാകുളത്തെ സ്ത്രീകളുടേയും കുട്ടികളുടേയും കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

പ്രോസിക്യൂഷനൊപ്പം ജയബാലകൃഷ്ണന്റെ കുടുംബവും അപ്പീൽ നൽകിയിരുന്നു. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് വക്കാലത്തിൽ ഒപ്പിടീച്ചതെന്ന് ജയബാലകൃഷ്ണന്റെ അനന്തരവൾ ജയലക്ഷ്മി കോടതിയിൽ പറഞ്ഞു. തുടർന്ന്, ആരാണ് വക്കാലത്ത് നൽകിയതെന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. ജയബാലകൃഷ്ണന്റെ മകളാണ് വക്കാലത്ത് നൽകിയതെന്നാണ് അഭിഭാഷകൻ മറുപടി പറഞ്ഞത്. മകൾ നേരിട്ട് ഹാജരാകുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളാണ് ഇത്തരത്തിലൊരു ആശയക്കുഴപ്പത്തിന് കാരണമെന്നാണ് വിവരം. 

അതേസമയം പ്രോസിക്യൂഷന്റെ അപ്പീൽ അപേക്ഷയിൽ 17-കാരന്റെ പേര് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയതിനെ കോടതി ചോദ്യം ചെയ്തു. ഇനി 17-കാരന്റെ ഫോട്ടോ മാത്രമേ പങ്കുവെക്കാൻ ബാക്കിയുള്ളൂ എന്നും കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ ഇത്തരത്തിൽ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനൊപ്പം ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ അപേക്ഷയിലും 17-കാരന്റെ പേരുവിവരങ്ങൾ ഉണ്ടായിരുന്നു.

17-കാരന്റെ പേരും മറ്റ് വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽകാൻ കോടതി സർക്കാരിനോടും ജയബാലകൃഷ്ണന്റെ കുടുംബത്തോടും നിർദേശിച്ചു. കേസ് കോടതി നാളത്തേക്ക് മാറ്റി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!