‘മലയാളികൾ കൈവിടില്ലെന്ന് ആത്മവിശ്വാസം’; എസ് .എം.എ ബാധിതരായ മൂന്ന് കുഞ്ഞുങ്ങളെ സന്ദർശിച്ച് മുനവറലി ശിഹാബ് തങ്ങൾ
കോഴിക്കോട്: മൂന്ന് മക്കളുടെ എസ്എംഎ (Spinal Muscular Atrophy) ബാധ മൂലം ദുരിതത്തിലായ കല്ലുരുട്ടിയിലെ അരുൺ ഷാൽമി ദമ്പതികളുടെ വീട് സന്ദർശിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ. മൂന്ന് കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ നേരിട്ടറിയുന്നതിനായാണ് മുനവറലി തങ്ങൾ ഇവരുടെ വീട് സന്ദർശിച്ചത്. അസുഖ ബാധിതരായ കുട്ടികളുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ അദ്ദേഹം ചികിത്സാ കാര്യങ്ങളിൽ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനൽകി.
വലിയൊരു തുക കണ്ടെത്തിയാൽ മാത്രമേ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാകൂ. സാധാരണക്കാരായ ഈ കുടുംബത്തിന് ഒറ്റയ്ക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ് ഈ ചികിത്സാചെലവ്.എങ്കിലും, ഇതുവരെ കേരളം നേരിട്ട വലിയ പ്രതിസന്ധികളിലെല്ലാം നാടൊന്നാകെ കൈകോർത്തതുപോലെ ഈ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനും എല്ലാവരുടെയും ആത്മാർത്ഥമായ സഹായം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ജാതി, മത, രാഷ്ട്രീയ ഭേദങ്ങൾ മാറ്റിവെച്ച് മാനവികത ഉയർത്തിപ്പിടിച്ച് ഈ കാര്യത്തിൽ എല്ലാവരും മുന്നോട്ടുവരണം. കേരളം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മാതൃകയായിട്ടുണ്ട്, അതുകൊണ്ട് ഈ കുഞ്ഞുങ്ങളെയും മലയാളികൾ കൈവിടില്ല.സന്ദർശനവേളയിൽ മുനവ്വറലി തങ്ങൾ വ്യക്തമാക്കി.
