ചേരാനല്ലൂർ കാറപകടം; ‘ജഡ്ജിയുടേതല്ല,ആരുടെ മകനായാലും നിയമം ഒരുപോലെ, പോലീസിനെ ന്യായീകരിക്കില്ല, നടപടിയുണ്ടാകും’

Share our post

തിരുവനന്തപുരം: ചേരാനെല്ലൂരിൽ പതിനേഴുവയസ്സുകാരനോടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാൽ എന്താണ് കാര്യം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ. പോലീസ് ഉദ്യോഗസ്ഥർ കാണിച്ചത് തെറ്റാണെന്ന് അദ്ദേഹം സഭയിൽ വിശദീകരിച്ചു. കേസിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ

സംഭവം ഗൗരവകരമായ സംഭവമാണ്. സർക്കാരിന് ഒന്നും ഒളിക്കാനില്ല. എല്ലാ നടപടിയും എടുത്തിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് Culpable homicide (കുറ്റകരമായ നരഹത്യ) എന്ന വകുപ്പ് ചേർത്തിട്ടില്ലെന്ന് മനസ്സിലായി. തുടർന്ന് ഡിജിപിയെ വിളിച്ചുപറഞ്ഞു. അത് അംഗീകരിക്കുന്നതിന് എനിക്ക് ഒരു മടിയുമില്ല. പത്ത് വർഷം ആഭ്യന്തരമന്ത്രിയായിരുന്ന ആളാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം ഒരിക്കലും പോലീസിന്റെ വീഴ്ച സമ്മതിച്ചിട്ടില്ല. എന്നാൽ ഞാൻ ഡിജിപിയോട് പറഞ്ഞു പാവപ്പെട്ട മനുഷ്യനെ ബെൻസ് കാറിൽ പോയ ഒരാൾ ഇടിച്ചുകൊല്ലുകയാണ്. ഒരു പാവപ്പെട്ട മനുഷ്യനാണ്. അയാളെ കൊന്നിട്ട് പോലീസ് വന്നിട്ട് ജാമ്യം ലഭിക്കുന്ന വകുപ്പുകളിട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഞാൻ ചോദിച്ചു. അതെന്റെ ഉത്തരവാദിത്തമാണ്. പോലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാൽ എന്താണ് കാര്യം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ. പോലീസ് ഉദ്യോഗസ്ഥർ കാണിച്ചത് തെറ്റാണ്. ഇന്നുതന്നെ അവിടെ സന്ദർശിക്കണമെന്ന് എഡിജിപി പി വിജയൻ ഐപിഎസ്സിനോട് നിർദേശിച്ചിട്ടുണ്ട്.

ആ വീട്ടുകാരുമായി ഞാൻ രണ്ട് തവണ ഫോണിൽ സംസാരിച്ചു. മൂന്ന് ആവശ്യങ്ങളാണ് അവർക്കുള്ളത്. ഫോണിലെ വീഡിയോ ദൃശ്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ ഡിലീറ്റ് ചെയ്തിരുന്നു. ആ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നാണ് അവരുടെ ആദ്യ ആവശ്യം. എന്നാൽ പ്രസക്തമായ വകുപ്പുകൾ ചേർത്ത് എഫ്‌ഐആർ ഇടാത്ത ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി അവർക്കെതിരേ നടപടിയുണ്ടാകുമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകി.

ജാമ്യം റദ്ദാക്കണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം. പ്രതിക്ക് ജുവൈനൽ മജിസ്‌ട്രേറ്റ് ഒരിക്കലും ജാമ്യം നൽകരുതെന്നാണ് എന്റെ ആവശ്യം. അപകടമുണ്ടായ ദിവസം പ്രതിയെ ജുവൈനൈൽ മജിസിട്രേറ്റിന്റെ അവിടെ കൊണ്ടുപോകാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് അടുത്തദിവസം കൊണ്ടുവരാനാണ്. എന്നാൽ പോലീസ് നിർബന്ധിച്ചതിന് ശേഷമാണ് രാത്രി കൊണ്ടുപോയതും ജാമ്യം ലഭിച്ചതും. കൂടുതൽ വകുപ്പുകൾ ചേർത്തെങ്കിലും പിന്നീടും ജാമ്യം ലഭിച്ചു. ജാമ്യം റദ്ദാക്കാൻ ഞങ്ങൾ അപ്പീൽ കൊടുത്തിട്ടുണ്ട്. വാഹനമോടിച്ച ജഡ്ജിക്കെതിരേ നടപടിയെടുക്കണമെന്നായിരുന്നു മൂന്നാമത്തെ ആവശ്യം. ജഡ്ജിക്കെതിരേ മറ്റ് നടപടികളെടുക്കാൻ സർക്കാരിന് അധികാരമില്ല. എന്നാൽ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമ ജഡ്ജിയാണ്. അയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ആ വിവരം ഹൈക്കോടതി രജിസ്ട്രാരെ രേഖാമൂലം അറിയിച്ചു. നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയുടെ ഉത്തരവാദിത്തമാണ്. അതുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

കൊല്ലപ്പെട്ട ജയപാലകൃഷ്ണന്റെ മൃതശരീരം അടക്കുന്നതിന് മുൻപ് പ്രതിക്ക് ജാമ്യം കൊടുത്ത നടപടിയെ ആഭ്യന്തരമന്ത്രി അപലപിച്ചു. ഈ കാര്യത്തിൽ സർക്കാർ സാധ്യമായ എല്ലാ നടപടിയുമടുക്കും. ഒരു കുറ്റവാളിയേയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടമുണ്ടായത്. ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച അതിവേഗത്തിലെത്തിയ ബെൻസ് കാർ സ്‌കൂട്ടറിന്റെ പിന്നിലിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണനാണ് മരിച്ചത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണൻ. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായി തകർന്നിരുന്നു. വാഹനമോടിച്ച 17-കാരനേയും അപകടമുണ്ടാക്കിയ ബെൻസ് കാറും അന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതിക്കെതിരേ പോലീസ് ആദ്യം ചുമത്തിയതെന്നും പ്രതിയേയും കാർ ഉടമയായ പിതാവ് ജഡ്ജിയേയും രക്ഷിക്കാൻ പോലീസ് ശ്രമിച്ചുവെന്നാണ് മരിച്ച ജയപാലകൃഷ്ണന്റെ ബന്ധുക്കളുടെ ആരോപണം. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!