ചേരാനല്ലൂർ അപകടം; കാർ ഉടമയായ ജഡ്ജിയെ പ്രതിചേർത്തു, പോലീസ് കേസെടുത്തു

Share our post

കൊച്ചി: ചേരാനെല്ലൂരിൽ ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ ജയപാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17-കാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരേ കേസെടുത്തു. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ, ആർ.സി. ഓണർ എന്നനിലയിലാണ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റർചെയ്തത്.

2012 മോഡലായ ഈ വാഹനം 2022-ൽ വാങ്ങി കഴിഞ്ഞ നാലുവർഷത്തോളമായി കോടതി ആവശ്യങ്ങൾക്കും മറ്റുമായി ജഡ്ജി ഉപയോഗിച്ചുവരികയായിരുന്നു. ഈ വാഹനമാണ് 17 വയസ്സുള്ള മകൻ എടുത്തുകൊണ്ടുപോയി അപകടമുണ്ടാക്കിയത്‌.

വാഹന ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ പോലീസ് തുടക്കത്തിൽ മടികാണിച്ചെന്ന ആരോപണമുണ്ടായിരുന്നു. അപകടത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്.) 106-ാം വകുപ്പ് ഉൾപ്പെടെ ചുമത്തി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ 17-കാരന്, മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, തങ്ങളുടെ അച്ഛന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയും കുടുംബവും അറിയിച്ചു.

പോലീസിന്റെ ഭാഗത്തുനിന്ന് പ്രതിക്ക് അനുകൂലമായ നിലപാടാണുണ്ടായതെന്നും പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് അച്ഛന്റെ മൃതദേഹം വിട്ടുകിട്ടാൻ 12 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നപ്പോൾ, അപകടമുണ്ടാക്കിയ 17-കാരനെ നിമിഷങ്ങൾക്കുള്ളിൽ പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽ വിട്ടയച്ചതായും മക്കൾ കുറ്റപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!