‘ഡല്ഹിയില് നടക്കുന്നത് രാഹുല് ഗാന്ധിയുടെ താണ്ഡവം, മയക്കുമരുന്ന് കഴിച്ച ആളെ പോലെ പെരുമാറുന്നു’; ആര് ശ്രീലേഖ
തിരുവനന്തപുരം: രാഹുല് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശവുമായി ബിജെപി നേതാവ് ആര് ശ്രീലേഖ. ഡല്ഹിയില് നടക്കുന്നത് രാഹുല് ഗാന്ധിയുടെ താണ്ഡവമാണെന്നും അമിതമായി മയക്കുമരുന്ന് കഴിച്ച ആളെ പോലെയാണ് രാഹുലിന്റെ പെരുമാറ്റമെന്നും സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടുകയാണ് എന്നുമാണ് ശ്രീലേഖയുടെ പരാമര്ശം.
ബിജെപി പുനലൂരില് സംഘടിപ്പിച്ച ജനസഭയിലായിരുന്നു ശ്രീലേഖയുടെ പരാമര്ശം. പ്രസ്താവന പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില് കോണ്ഗ്രസ് പ്രവര്ത്തകര് വലിയ വിമര്ശനമുയര്ത്തി. എന്നാല് ബിജെപി നേതാക്കളൊന്നും ഇതുവരെ വിഷയത്തില് പ്രതികരിച്ചിട്ടില്ല.
ദിവസങ്ങള്ക്ക് മുമ്പാണ് ആര് ശ്രീലേഖ തിരുവനന്തപുരം കോര്പറേഷനിലെ കൗണ്സിലര് സ്ഥാനത്ത് നിന്നും രാജിവെക്കുകയും പിന്നീട് രാജി പിന്വലിക്കുകയും ചെയ്തത്. ബിജെപി നേതൃത്വം ശ്രീലേഖയെ അനുനയിപ്പിച്ച് പിന്വലിപ്പിക്കുകയായിരുന്നു. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബര് 30ന് മേയര് വി വി രാജേഷിന് കൗണ്സിലര് സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങള് കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നല്കിയിട്ടുണ്ടെന്ന് ആര് ശ്രീലേഖ ശാസ്തമംഗലത്തെ ‘കൗണ്സിലര് അറിയിപ്പ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില് അറിയിച്ചിരുന്നു. രാജി തീരുമാനം മാറ്റിയതോടെ വാട്സ്ആപ്പില് പങ്കുവെച്ച ‘രാജി സന്ദേശ’വും ശ്രീലേഖ ഡിലീറ്റ് ചെയ്തു. എന്നാല്, ഡിജിപി പണി ചെയ്യുന്ന ആളോട് കോണ്സ്റ്റബിളിന്റെ പണി ചെയ്യാന് പറഞ്ഞാല് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ആര് ശ്രീലേഖ ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പും നടത്തിയിരുന്നു. എന്തു ചെയ്താലും ചിലര് വിമര്ശന പോസ്റ്റ് എഴുതുന്നു. വിഷമം തോന്നിയപ്പോഴാണ് മേയര്ക്ക് രാജി സന്ദേശം അയച്ചതെന്നുമാണ് വിശദീകരണം നല്കിയത്.
