പരീക്ഷ പാസായിട്ടും വിജിലൻസിലേക്ക് നിയമനമില്ല, പോലീസ് സേനയിൽ അതൃപ്തി; അഞ്ചുവർഷം കഴിഞ്ഞവരെ നിലനിർത്താൻ നീക്കം
ആലപ്പുഴ: പരീക്ഷ പാസായി റാങ്കുപട്ടികയിൽ ഉൾപ്പെട്ടിട്ടും വിജിലൻസ് വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്താത്തതിൽ പോലീസ് സേനയിൽ അതൃപ്തി. സംസ്ഥാനമൊട്ടാകെ എ.എസ്.ഐ., സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ തസ്തികകളിൽ ലോക്കൽ പോലീസിൽ ജോലിചെയ്യുന്ന 600 പേരാണ് നിയമനത്തിനു കാത്തിരിക്കുന്നത്. ഇവരെ നിയമിക്കാതെ വിജിലൻസിൽ അഞ്ചുവർഷം പൂർത്തിയാക്കിയവരെ നിലനിർത്താനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്.
സംസ്ഥാന സർക്കാർ 2002-ൽ മാനുവൽ പരിഷ്കരിച്ചശേഷമാണ് സിവിൽ പോലീസ് ഓഫീസർ മുതൽ ഇൻസ്പെക്ടർ വരെയുള്ള റാങ്കിലുള്ളവരുടെ കാലാവധി വിജിലൻസിൽ മൂന്നുമുതൽ അഞ്ചുവരെ വർഷമാക്കിയത്. അതിനുമുൻപ് നിശ്ചിത കാലാവധിയില്ലായിരുന്നു. മാനുവൽ പരിഷ്കരണത്തിനു മുൻപുള്ള രീതിയിലേക്ക് വിജിലൻസ് ഡെപ്യൂട്ടേഷൻ നിയമനം മാറ്റാനുള്ള ഒരുവിഭാഗം മേലുദ്യോഗസ്ഥരുടെ നീക്കമാണിതിനു പിന്നിലെന്നാണ് ആക്ഷേപം.
ലോക്കൽ പോലീസ് സ്റ്റേഷനുകളിൽനിന്നും പോലീസിലെ മറ്റു വിഭാഗങ്ങളിൽനിന്നും വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം ലഭിക്കണമെങ്കിൽ പ്രത്യേക പരീക്ഷ എഴുതണം. സംസ്ഥാനത്ത് ആയിരക്കണക്കിനു പോലീസുകാരാണ് ഈ പരീക്ഷയെഴുതുന്നത്. അതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയാണ് ഒരുമാസം മുൻപ് പ്രസിദ്ധപ്പെടുത്തിയത്.
ഇതിനുപിന്നാലെയാണ് അഞ്ചുവർഷം കഴിഞ്ഞ നിലവിലുള്ളവരെ നിലനിർത്തണമെന്ന ശുപാർശ ഉന്നത പോലീസുദ്യോഗസ്ഥർ നൽകിയത്. വിജിലൻസ് മാനുവൽ പരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നാണ് പോലീസിൽ നിന്നുയരുന്ന ആക്ഷേപം.
