കോളറ മരണങ്ങളിൽ 30% വർധനവ്; 1999-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കെന്ന് ഡബ്യു.എച്ച്.ഒ

Share our post

ജനീവ: ലോകത്താകമാനം കോളറ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്യു.എച്ച്.ഒ.) മുന്നറിയിപ്പ്. കഴിഞ്ഞ വർഷം രോഗികളുടെ എണ്ണത്തിൽ ചെറിയ കുറവ് രേഖപ്പെടുത്തിയെങ്കിലും മരണസംഖ്യയിൽ 30 ശതമാനത്തിന്റെ വൻ വർധനവുണ്ടായതായി സംഘടനയുടെ പുതിയ എപ്പിഡെമിയോളജിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. 1999-ന് ശേഷം ലോകത്ത് ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കോളറ മരണനിരക്കാണിത്.

കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള 47 രാജ്യങ്ങളിൽ നിന്നായി 4,51,499 കോളറ കേസുകളും 7,870 മരണങ്ങളുമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. എന്നാൽ പരിശോധനകളും റിപ്പോർട്ടിങ്ങും കാര്യക്ഷമമല്ലാത്ത മേഖലകളിൽ നിന്നുള്ള കണക്കുകൾ കൂടി പരിഗണിച്ചാൽ യഥാർഥ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഇതിലും ഇരട്ടിയാകാമെന്ന് ഏജൻസി ചൂണ്ടിക്കാണിക്കുന്നു.

ആകെ റിപ്പോർട്ട് ചെയ്ത കോളറ കേസുകളുടെയും മരണങ്ങളുടെയും 90 ശതമാനത്തോളവും അങ്കോള, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, സൗത്ത് സുഡാൻ, സുഡാൻ, യമൻ എന്നീ ഏഴ് രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ തന്നെ ആഫ്രിക്കൻ മേഖലയിലാണ് രോഗബാധ ഏറ്റവും ഗുരുതരമായി ബാധിച്ചത്. 2024-നെ അപേക്ഷിച്ച് രോഗബാധയിൽ 34 ശതമാനവും മരണങ്ങളിൽ 58 ശതമാനവും വർധനവാണ് ആഫ്രിക്കയിൽ രേഖപ്പെടുത്തിയത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന വിബ്രിയോ കോളറേ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ നിർജ്ജലീകരണത്തിലേക്ക് നയിക്കും. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിൽ അഞ്ചിൽ ഒന്നിലധികം ആശുപത്രികൾക്ക് പുറത്താണ് സംഭവിച്ചത് എന്ന വസ്തുത, രോഗികൾക്ക് യഥാസമയം ചികിത്സ ലഭ്യമാകുന്നതിലെ പോരായ്മ വെളിപ്പെടുത്തുന്നു.

ശരിയായ ശുചിത്വവും ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുന്നതിനൊപ്പം രോഗനിരീക്ഷണവും പ്രതിരോധ കുത്തിവെപ്പുകളും ശക്തമാക്കിയാൽ മാത്രമേ പ്രവണത മാറ്റിയെടുക്കാൻ കഴിയൂ എന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചിക്വെ ഇഹെക്വിയാസു അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി കോളറ വാക്സിൻ ഉത്പാദനം 2022-ലെ 30 ദശലക്ഷത്തിൽ നിന്ന് 80 ദശലക്ഷമായി ഉയർത്തുകയും മൂന്ന് വർഷത്തിനുശേഷം നിറുത്തിവെച്ചിരുന്ന മുൻകരുതൽ വാക്സിനേഷൻ നടപടികൾ ഈ വർഷത്തോടെ വീണ്ടും ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കോളറയ്ക്കൊപ്പം മറ്റ് രണ്ട് പകർച്ചവ്യാധികളായ മെനിഞ്ചൈറ്റിസ്, പ്ലേഗ് എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആഫ്രിക്കൻ മെനിഞ്ചൈറ്റിസ് ബെൽറ്റിലെ 24 രാജ്യങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം 21,526 സംശയകരമായ കേസുകളും 971 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പുതിയ വാക്സിനുകളുടെ വരവ് മെനിഞ്ചൈറ്റിസ് പ്രതിരോധത്തിന് സഹായകമായിട്ടുണ്ട്. നിലവിൽ അഞ്ച് തരം ബാക്ടീരിയകളെ പ്രതിരോധിക്കുന്ന പുതിയ Men5CV വാക്സിൻ നൈജർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിജയകരമായി വിതരണം ചെയ്തു വരികയാണ്.

2019-നും 2025-നും ഇടയിൽ ലോകത്തെ 10 രാജ്യങ്ങളിലായി 3,847 പ്ലേഗ് കേസുകളും 423 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മഡഗാസ്കർ എന്നിവിടങ്ങളിൽ എൻഡമിക്കായി തുടരുന്ന പ്ലേഗ് രോഗത്തെ പൂർണമായി പ്രതിരോധിക്കാൻ മൃഗങ്ങളിലും എലികളിലും കൃത്യമായ രോഗനിരീക്ഷണം തുടരേണ്ടത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഓർമിപ്പിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!