മരുന്ന് ക്ഷാമത്തിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; രണ്ടു ദിവസത്തിനിടെ 15,000 രോഗികൾ

Share our post

സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നു. വെറും രണ്ടു ദിവസത്തിനുള്ളിൽ പതിനയ്യായിരത്തിൽപ്പരം ആളുകളാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വീണ്ടും മഴ ശക്തമായതോടെ ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ കേസുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. അവധി ദിവസങ്ങളായിരുന്നിട്ടുപോലും 15,096 പേർ രണ്ടു ദിവസത്തിനകം പനി ബാധിതരായി ഒ.പിയിൽ എത്തിയെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു

രണ്ടു ദിവസത്തിനിടെ 104 പേർക്ക് ഡെങ്കിപ്പനിയും 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചപ്പോൾ 121 പേർക്കാണ് ഇൻഫ്ലുവൻസ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷമിതുവരെ 11,677 പേർക്ക് ഡെങ്കിപ്പനി പിടിപെടുകയും 44 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

എലിപ്പനി ബാധിച്ച് 114 ജീവനുകളാണ് ഇതിനകം പൊലിഞ്ഞത്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ 120 പേരുടെ ജീവനെടുത്ത ഇൻഫ്ലുവൻസയാണ് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായത്. ഇവയ്ക്ക് പുറമെ ചിക്കുൻഗുനിയ, മുണ്ടിനീര് തുടങ്ങിയ മറ്റ് പകര്ച്ചവ്യാധികളും സംസ്ഥാനത്ത് വ്യാപകമായി പടരുന്നുണ്ട്.

മഴ പെയ്തു തുടങ്ങിയതോടെ കൊതുകുജന്യ-ജലജന്യ രോഗങ്ങൾ ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വരുംദിവസങ്ങളിൽ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും ഊർജ്ജിതമാക്കാൻ നിർദ്ദേശമുണ്ടെങ്കിലും പ്രധാന ആശുപത്രികളിൽ പോലും പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകളുടെ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മരുന്ന് വിതരണം വേഗത്തിലാക്കാനും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!