തിരുവനന്തപുരത്തെ മാര്‍ച്ചിലെ സംഘര്‍ഷം; എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍
കണ്ണൂര്‍: എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് അറസ്റ്റില്‍. തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക വനിതാ കോളേജിനു മുന്നില്‍ വച്ചാണ് ജോയലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജോയലിനെ അറസ്റ്റ് ചെയ്തത്. ജോയലിനെ നേരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് വനിതാ കോളേജില്‍ ജോയല്‍ എത്തിയത്. ആ സമയമാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസില്‍ രണ്ടാം പ്രതിയാണ് ജോയല്‍.
എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് മാറ്റിനിര്‍ത്തി കെഎസ്യു കോണ്‍ഗ്രസ് പിന്തുണയോടെ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് നടക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജോയല്‍ തോമസിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രതികരിച്ചു. വരുന്ന സെപ്തംബര്‍ 17, 18 തീയതികളിലായി നടക്കുന്ന സ്കൂള്‍ – കോളജ് യൂണിയന് തെരഞ്ഞെടുപ്പകളില്‍ മത്സരങ്ങളില്‍ എസ്എഫ്ഐയെ മത്സരിച്ച് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കി നേതാക്കളെ ജയിലലടച്ച് തീര്‍ക്കാം എന്നാണ് യുഡിഎഫിന്റെ നയമെന്നും സഞ്ജീവ് പറഞ്ഞു.
വന്ദേ മാതരം പൂര്‍ണമായി പാടി സംഘപരിവാറിനോട് കീഴ്പ്പെട്ട സര്‍ക്കാരിനെതിരെ സമരം ചെയ്തു എന്നതാണ് ഒരേയൊരു കുറ്റം.എന്നാല്‍ അതില്‍ പങ്കെടുക്കുക പോലും ചെയ്യാത്ത എസ്എഫ്ഐ നേതാവിനെ ജില്ലകള്‍ 12 എണ്ണം കടന്ന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കെ കെഎസ്യുവിനെ ജയിപ്പിക്കാന്‍ തങ്ങളില്‍പ്പെട്ടവരെ ജയിലില്‍ അടച്ചാല്‍ മതിയെന്ന് കരുതുന്നവര്‍ക്ക് തെറ്റിയെന്നും അദ്ദേഹം പ്രതികരിച്ചു. വൈകാതെ ഇക്കാര്യം മനസിലാകുമെന്നും ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് സഞ്ജീവ് കൂട്ടിച്ചേർത്തു.
