ദേശീയപാത 66 നിർമാണം എങ്ങുമെത്താതെ ടോൾ പിരിക്കാൻ നീക്കം; വടകരയിൽ പ്രതിഷേധം

Share our post

വടകര: ദേശീയപാത 66 ചോമ്പാലയിൽ ടോൾ പ്ലാസ വരുന്നത് നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെ. ദേശീയപാതയിൽ ടോൾ പ്ലാസ ഉള്ളതായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. വടകര മേഖലയിൽ നിർമാണ പ്രവൃത്തി എങ്ങുമെത്താതെ ടോൾ പിരിക്കാനുള്ള നീക്കത്തിലും പ്രതിഷേധം ഉയർന്നു. മാഹി–തലശ്ശേരി ബൈപാസിൽ നിലവിൽ കൊളശ്ശേരിയിലാണ് ടോൾ പ്ലാസ ഉള്ളത്. അടിസ്ഥാന അസൗകര്യം കുറഞ്ഞ പ്ലാസ കല്യാശ്ശേരിയിലേക്ക് മാറ്റാനാണ് നീക്കം. ചോമ്പാലയിൽ റോഡിന് ഇരുവശത്തുമായി നിശ്ചിത അകലത്തിലാണ് പ്ലാസയുടെ നിർമാണം നടക്കുന്നത്.

വടകര മേഖലയിൽ പാലോളിപ്പാലത്തിന് ശേഷം നിർമാണം മന്ദഗതിയിലാണ്. നാദാപുരംറോഡ് ഭാഗത്തും മുക്കാളിയിലും മാത്രമാണ് ഇപ്പോൾ പുതിയ പാതയിലൂടെ വാഹനങ്ങൾ സർവീസ് നടത്തുന്നത്. മറ്റിടങ്ങളിൽ ഉയരപ്പാത ഉൾപ്പെടെ നിർമാണം ആരംഭിക്കേണ്ടതുണ്ട്. അതിനിടയിലാണ് ടോൾ പിരിക്കാനുള്ള നീക്കം. ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ അകലം വേണനെന്നാണ് നിബന്ധന. കൈനാട്ടി മുതൽ ചോമ്പാല വരെ 10 കിലോ മീറ്ററിൽ താഴെ മാത്രമാണ് ദൂരം. ടോൾ പ്ലാസ വരുന്ന ചോമ്പാലയിൽ സർവീസ് റോഡ് ഇതുവരെ നിർമിച്ചിട്ടില്ല.

പ്ലാസയ്ക്ക് ആവശ്യമായ ട്രാക്കുകൾ പണിത സാഹചര്യത്തിൽ സർവീസ് റോഡിന് ഉള്ള സൗകര്യം ഇവിടെയില്ല. സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ സമരം നടത്തിയിരുന്നു. എംപിയും എംഎൽഎയും ഇടപെട്ട് ദേശീയപാത പ്രോജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ പ്ലാസ വരുന്ന ഭാഗത്ത് സർവീസ് റോഡിന് പകരം വീതി കുറഞ്ഞ സ്ലിപ് റോഡ് നിർമിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു അതൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ദേശീയപാത കർമസമിതി ജില്ല കൺവീനർ എ.ടി.മഹേഷ് പറഞ്ഞു. ദേശീയപാതയുടെ അരികിലായി 88 വീടുകളാണുള്ളത്. കിഴക്ക് ഭാഗത്ത് റെയിൽ ഉള്ളതിനാൽ കത്രിക പൂട്ടിൽ അകപ്പെട്ട അവസ്ഥയിലാണ് ഈ വീട്ടുകാർ. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇടറോഡുകളിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!