പവർകട്ടിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി

Share our post

തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും വൈദ്യുതി മുടക്കം ഉപഭോക്താക്കളെ എസ്എംഎസ് വഴി അറിയിക്കാൻ കെഎസ്ഇബി സംവിധാനമൊരുക്കി. ഉപഭോക്താവിന്‍റെ മൊബൈല്‍ നമ്പരിലേക്ക് വൈകീട്ടോടെ സന്ദേശമെത്തും. 600 മെഗാവാട്ടിന്‍റെ കുറവ് വരുന്ന സമയം ഏതൊക്കെ ഫീഡര്‍ ഓഫ് ചെയ്യണമെന്ന ക്രമം തയ്യാറാക്കി നിയന്ത്രണ സമയം സബ് സ്റ്റേഷനുകള്‍ സെക്ഷന്‍ ഓഫിസുകളെ അറിയിക്കും. സെക്ഷന്‍ ഓഫിസുകളില്‍ നിന്നാണ് മൊബൈലിലേക്ക് സന്ദേശമെത്തുക. ഒരു ഫീഡര്‍ രണ്ട് പ്രാവശ്യം മാത്രം ഓഫാക്കും. 25 മിനിറ്റ് വീതം രണ്ട് തവണ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തും.

ചൂട് കൂടുന്നതിനോടൊപ്പം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചതും ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് ഉത്പാദനം കുറഞ്ഞതുമാണ് തിരിച്ചടിയായത്. ഈ മാസം പകുതിയോടെ താത്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും അറിയിച്ചിട്ടുള്ളതെങ്കിലും പ്രതിസന്ധി ഈ മാസം മുഴുവനും നീണ്ടുനിൽക്കാനാണ് സാധ്യത.

വൈദ്യുതി ലഭ്യതയിൽ 1000 മെഗാവാട്ടിന്റെ കുറവുള്ളതുകൊണ്ട് വരും ദിവസങ്ങളിലും രാത്രിയിൽ ഒന്നിലേറെ തവണ നിയന്ത്രണം വേണ്ടിവരും. വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം വരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. മഴ പെയ്ത് ചൂടുകുറഞ്ഞ് വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടായാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂ. സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, പവർകട്ട് സമയം പുനർക്രമീകരിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ശരത് ചന്ദ്രൻ ആവശ്യപ്പെട്ടു. കെപിസിസി നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച് ആവശ്യം ഉന്നയിച്ചത്. പത്ത് മണിക്ക് ശേഷമുള്ള പവർക്കട്ടും ഒരു വീട്ടിൽ ഒരു തവണയിൽ കൂടുതൽ വൈദ്യുതി പോകുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയം കളിക്കാൻ അവസരം കൊടുക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!