അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ഭൂമികൊള്ള; 28 ഏക്കർ ഭൂമി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വഞ്ചിച്ചെടുത്തതായി പരാതി

Share our post

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ഭൂമികൊള്ള. അട്ടപ്പാടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് 28 ഏക്കര്‍ ആദിവാസി ഭൂമി വഞ്ചിച്ചെടുത്തെന്നാണ് പരാതി. ബ്ലോക്ക് പ്രസിഡന്റിന്റെ സഹോദരന്റെ പേരിലാണ് ആദ്യം ഭൂമി കൈമാറിയത്. വിവാദ ഭൂമി നിലവില്‍ തമിഴ്‌നാട് കമ്പനിയുടെ കൈവശമാണുള്ളതെന്നാണ് വിവരം.

തലമുറകളായി കൈമാറിക്കിട്ടി കൃഷി ചെയ്തു ജീവിച്ച പത്ത് ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടുവെന്നാണ് പാലൂര്‍ ഊരിലെ ബാലന്റെ പരാതി. കോണ്‍ഗ്രസിന്റെ അഗളി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, കോണ്‍ഗ്രസ് അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് പി എം ഹനീഫ, പ്രദേശവാസിയായ ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തന്റെ ഭൂമി തട്ടിയെടുത്തു എന്നും പലര്‍ക്കായി മറിച്ചുവിറ്റ് ലാഭമുണ്ടാക്കുകയും ചെയ്തുവെന്നാണ് ബാലന്റെ പരാതി. ഇക്കഴിഞ്ഞ ഇരുപതാം തീയതി പുതൂര്‍ എസ്‌ഐക്ക് ആണ് പരാതി നല്‍കിയത്.

പത്തേക്കറിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് 2022ല്‍ ഈ സംഘം സമീപിച്ചപ്പോള്‍ തന്റെ സാമ്പത്തിക ബാധ്യത കാരണം വില്‍ക്കാന്‍ സമ്മതിച്ചിരുന്നുവെന്നും എന്നാല്‍ ആദിവാസി ഭൂമി ആയതിനാല്‍ കളക്ടറുടെ അടക്കം അനുമതി ആവശ്യമാണെന്നും അവ ശരിയാക്കുന്ന മുറയ്ക്ക് മുഴുവന്‍ തുകയും നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പലപ്പോഴായി 24 ലക്ഷം രൂപ മാത്രം കൈമാറിയെന്നും ബാലന്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് ഒന്നുമില്ലാതെ അജ്ഞാതരായ ചിലര്‍ ഈ ഭൂമിയില്‍ കടന്നുകയറി വേലി കെട്ടുകയും അതിരു കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തു. അവരെ ബന്ധപ്പെട്ടപ്പോള്‍, തമിഴ്‌നാട്ടുകാരായ ചിലരില്‍ നിന്നാണ് ഭൂമി വാങ്ങിയത് എന്നായിരുന്നു പ്രതികരണം. ഇപ്പോഴും തന്റെ കൈവശമുണ്ടെന്ന് കരുതി കൃഷി ചെയ്ത് പോരുന്ന ഭൂമി ഇങ്ങനെ പല കൈമറിഞ്ഞു എന്ന് അപ്പോഴാണ് അറിയുന്നതെന്നു ബാലന്‍ വ്യക്തമാക്കി.

പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോള്‍ ആദ്യം അനുകൂലമായി പ്രതികരിക്കുകയും സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്‌തെങ്കിലും പിന്നീട് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ സമീപനം മാറി. കാരണം അക്കൂട്ടത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെന്ന് ബാലന്‍  പറഞ്ഞു.

കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് ഏതാനും ലക്ഷങ്ങള്‍ നല്‍കി തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ ഞെട്ടിക്കുന്നത്, സാധാരണ നിലയില്‍ കൈമാറ്റം ചെയ്യാനാകാത്ത വ്യവസ്ഥയില്‍ ആദിവാസികള്‍ക്ക് കൈവശാവകാശം മാത്രം നല്‍കുന്ന ഭൂമിയില്‍ പുറമെ നിന്നുള്ളവര്‍ എങ്ങനെ അധികാരം സ്ഥാപിക്കുന്നു, എന്ന് മാത്രമല്ല, മറ്റു പലര്‍ക്കും അവകാശം എഴുതിനല്‍കി വില്‍പന നടത്തുന്നു. വ്യാജമായി രേഖകള്‍ ഉണ്ടാക്കാതെ ഇങ്ങനെ നടക്കും എന്നതാണ്. പിന്നില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് എന്ന പരാതിയില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി പാലക്കാട് ഡിസിസി പ്രസിഡന്റ് വരെയുള്ളവര്‍ക്ക് പരാതി നല്‍കി നീതി കാത്തിരിക്കുകയാണ് ബാലന്‍ അടക്കമുള്ളവര്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!