തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

Share our post

കൊച്ചി: തൃക്കാക്കരയിൽ കോളേജ് വിദ്യാർഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരു വിദ്യാർഥി കൂടി പിടിയിൽ. ചെങ്ങന്നൂർ സ്വദേശിയും മറ്റൊരു കോളേജിലെ വിദ്യാർഥിയുമായ സനീഷ് ആണ് പോലീസ് കസ്റ്റഡിയിലായത്. കസ്റ്റഡിയിലെടുത്ത വിദ്യാർഥിയുടെ മൊബൈൽഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കുകയാണ് പോലീസ്.

ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ, തിരുവനന്തപുരം സ്വദേശിയും തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയുമായ ശ്രീഹരി പിടിയിലായിരുന്നു. കേസിലെ ഒന്നാംപ്രതിയായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണമാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്നത്.

ശ്രീഹരിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് അശ്ലീല വീഡിയോ നിർമിക്കുന്ന സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. മറ്റ് ചില കോളേജുകളിലെ വിദ്യാർഥികളുടെ ഗ്രൂപ്പുകൾകൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വിദ്യാർഥിയാണ് ശ്രീഹരി. ഇയാൾ കോളേജിലെ പരിപാടികൾക്കിടെ പകർത്തിയ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതി. കേസ് പുറത്തായതിന് പിന്നാലെ കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ടെലഗ്രാം ഗ്രൂപ്പുകൾ പൂർണമായി ഡിലീറ്റ് ചെയ്ത നിലയിലാണ്.

ടെലഗ്രാമിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കുന്നതിന് ബുദ്ധിമുട്ടുള്ളകാര്യം പോലീസ് വ്യക്തമാക്കുന്നു. അതേസമയം ആദ്യം പിടിയിലായ ശ്രീഹരി സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സംഘമായി പ്രവർത്തിച്ചിരുന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്നും പ്രതിയുടെ മാനസിക വൈകൃതമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

അതേസമയം ഇപ്പോൾ പിടിയിലായ വിദ്യാർഥിയടക്കം എന്തിനാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നും എങ്ങനെയാണ് ഇവർ പ്രവർത്തിച്ചിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!