ഓൾഡ് മങ്ക്’ യഥാർഥ റമ്മല്ല! മദ്യപാനികളെ ഞെട്ടിച്ച് ഹൈക്കോടതിയുടെ വെളിപ്പെടുത്തൽ
തലമുറകളായി മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ മദ്യപാനികളുടെ വികാരമാണ് ‘ഓൾഡ് മങ്ക്’. മിക്ക പാർട്ടികളിലും കൂട്ടായ്മകളിലും വരെ ഓൾഡ് മങ്ക് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. എന്നാൽ ദശാബ്ദങ്ങളായി വിപണിയിൽ ഏറ്റവും കൂടുതൽ വിൽപന നടന്നിരുന്ന ഈ ‘റം’ യഥാർഥത്തിൽ റമ്മേ അല്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്!
ബോംബെ ഹൈക്കോടതിയിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടത്തിയ വെളിപ്പെടുത്തലാണ് ദശലക്ഷക്കണക്കിന് ഓൾഡ് മങ്ക് പ്രേമികളെ നിരാശയുടെയും അമ്പരപ്പിന്റെയും മുനമ്പിൽ നിർത്തിയിരിക്കുന്നത്. ഓൾഡ് മങ്കിനെ ‘റം’ എന്ന പേരിൽ വിൽക്കാൻ കഴിയില്ലെന്നും, ഇതൊരു ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ മാത്രമാണെന്നുമാണ് എഫ്എസ്എസ്എഐ കോടതിയിൽ വ്യക്തമാക്കിയത്.
എന്താണ് കോടതിയിൽ സംഭവിച്ചത്?
ഓൾഡ് മങ്കിന്റെ ഉൽപാദകരായ മോഹൻ റോക്കി സ്പ്രിങ് വാട്ടർ കമ്പനിയും എഫ്എസ്എസ്എഐയും തമ്മിൽ ബോംബെ ഹൈക്കോടതിയിൽ നടക്കുന്ന നിയമപോരാട്ടത്തിനിടയിലാണ് ഈ നാടകീയ സംഭവങ്ങൾ. പ്രോഡക്റ്റിന്റെ ലേബലിങ്ങിൽ മാത്രമുള്ള പ്രശ്നമല്ലിത്, മറിച്ച് ഉൽപന്നത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ തന്നെയുള്ള കൃത്രിമത്വമാണെന്ന് എഫ്എസ്എസ്എഐ കൗൺസിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഘൂഗെ, ജസ്റ്റിസ് ഗൗതം എ. അൻഖാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
കൃത്രിമ രുചികളും ന്യൂട്രൽ സ്പിരിറ്റും ചേർത്താണ് ഓൾഡ് മങ്ക് നിർമിക്കുന്നത്. ഇതിനാൽ ഇതിനെ ഒരു കാരണവശാലും ‘റം’ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. പകരം ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന് മാത്രമേ ലേബൽ ചെയ്യാനും വിൽക്കാനും സാധിക്കൂ എന്നാണ് റഗുലേറ്ററി ബോഡി എടുത്തുപറഞ്ഞത്.
എന്തുകൊണ്ട് എഫ്എസ്എസ്എഐ ഓൾഡ് മങ്കിനെ എതിർക്കുന്നു?
എഫ്എസ്എസ്എഐ നടത്തിയ ലാബ് പരിശോധനകളിൽ ഓൾഡ് മങ്കിൽ ബാഹ്യമായ കൃത്രിമ രുചിക്കൂട്ടുകൾ ചേർത്തതായി കണ്ടെത്തിയിരുന്നു.
1. ഒറിജിനൽ റം: കരിമ്പുചാറോ അതിൽ നിന്നുള്ള ശർക്കരപ്പാവോ ഫെർമന്റ് ചെയ്ത് വറ്റിച്ചെടുക്കുന്നതാണ് ഒറിജിനൽ റം.
2. കൃത്രിമ രുചികൾ: എഫ്എസ്എസ്എഐയുടെ 2018-ലെ ആൽക്കഹോളിക് ബിവറേജസ് റെഗുലേഷൻ അനുസരിച്ച്, റം, വിസ്കി തുടങ്ങി ഹിറ്റ് മദ്യങ്ങൾക്ക് അതിന്റേതായ സ്വാഭാവിക ഗുണങ്ങളും രുചിയും മണവും ഉണ്ടായിരിക്കണം. ഇതിലേക്ക് കൃത്രിമമായി ഫ്ലേവറുകൾ ചേർത്ത് യഥാർഥ ഉൽപന്നത്തിന്റെ മണം ഉണ്ടാക്കിയെടുക്കുന്നത് ഗുണനിലവാരമില്ലായ്മയാണ്.
3. തെറ്റിദ്ധരിപ്പിക്കുന്ന ലേബലിങ്: ‘7 Years Old Blended’ എന്ന ഒൾഡ് മങ്കിന്റെ വാഗ്ദാനം പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഓഗസ്റ്റ് 2ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
പരിശോധനകളിൽ ഓൾഡ് മങ്കിലെ പ്രധാന ഘടകം പഴക്കമില്ലാത്ത ന്യൂട്രൽ സ്പിരിറ്റാണെന്നും, പഴക്കമുള്ള റം സ്പിരിറ്റ് 5 ശതമാനത്തിൽ താഴെ മാത്രമാണെന്നും കണ്ടെത്തി. ചട്ടപ്രകാരം ഒരു ബ്ലെൻഡഡ് സ്പിരിറ്റിന്റെ പഴക്കം നിശ്ചയിക്കേണ്ടത് അതിൽ ചേർത്ത സ്പിരിറ്റിന്റെ കാലാവധി അടിസ്ഥാനത്തിലായിരിക്കണം.
മഹാരാഷ്ട്രയിലെ നിരോധനവും ഭീമമായ നഷ്ടവും
കൃത്രിമ രുചിക്കൂട്ടുകൾ ചേർത്തത് കണ്ടെത്തിയതിനെ തുടർന്ന് എഫ്എസ്എസ്എഐ മഹാരാഷ്ട്രയിൽ ഓൾഡ് മങ്കിന്റെ വിൽപന നിരോധിച്ചിരുന്നു. ഈ നിരോധനം കാരണം കമ്പനിക്ക് പ്രതിദിനം 1 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് ഓൾഡ് മങ്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നവ്റോസ് എച്ച്. സീർവായ് കോടതിയെ അറിയിച്ചത്. കഴിഞ്ഞ 120 ദിവസമായി വിൽപന തടസ്സപ്പെട്ടിരിക്കുകയാണ്.
കേവലം ഓൾഡ് മങ്ക് മാത്രമല്ല എഫ്എസ്എസ്എഐയുടെ കണ്ണിൽ പെട്ടിരിക്കുന്നത്. പ്രമുഖ മദ്യ നിർമാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ മക്ഡോവൽസ് നമ്പര്‍ 1 സെലിബ്രേഷൻ റം, ആന്റിക്വിറ്റി ബ്ലൂ വിസ്കി, റോയൽ ചലഞ്ച് വിസ്കി, ഇൻബ്രൂ ബിവറേജസിന്റെ ബാഗ്‌പൈപ്പർ ഡീലക്സ് വിസ്കി, ഓൾഡ് കാസ്ക് ഡീലക്സ് XXX റം എന്നിവയ്ക്കെതിരെയും റഗുലേറ്റർ നടപടിയെടുത്തിട്ടുണ്ട്.
ഡയാജിയോ (Diageo) ഉൾപ്പെടെയുള്ള മുൻനിര കമ്പനികൾ എഫ്എസ്എസ്എഐയുടെ നിർദേശങ്ങൾക്ക് വഴങ്ങുകയും കൃത്രിമ ഫ്ലേവറുകൾ ഒഴിവാക്കുകയോ ലേബലിൽ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ബോട്ടിലിലെ എഴുത്തുകൾ വായിക്കാൻ പോലും പറ്റില്ല!
ലേബലിലെ വിവരങ്ങൾ ഉപഭോക്താക്കൾക്ക് വ്യക്തമായി വായിക്കാൻ സാധിക്കുന്ന രീതിയിലല്ല അച്ചടിച്ചിരിക്കുന്നത് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. “ലേബലിലെ അക്ഷരങ്ങൾ വളരെ ചെറുതാണ്, ആർക്കും അത് വായിക്കാൻ കഴിയില്ല,” എന്ന് കോടതി വിമർശിച്ചു.
തങ്ങളുടെ പ്രോഡക്റ്റിന്റെ ലേബൽ മാറ്റാൻ തയാറാണെന്ന് ഒൾഡ് മങ്ക് നിർമാതാക്കൾ കോടതിയെ അറിയിച്ചിട്ടുണ്ട്. ‘7 Years Old Blended’ എന്ന വാചകം ഒഴിവാക്കാനും, ‘Added Flavour’ എന്ന കാര്യം പായ്ക്കറ്റിൽ വ്യക്തമായി കാണിക്കാനും അവർ സമ്മതിച്ചു. കോടതി നിർദേശപ്രകാരം തിരുത്തിയ പുതിയ ലേബലുകൾ കമ്പനി സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിക്കാൻ എഫ്എസ്എസ്എഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് സെപ്റ്റംബർ 11ലേക്ക് മാറ്റി.
‘അപ്പോൾ ഞങ്ങൾ കുടിച്ചത് റമ്മല്ലേ?’, മദ്യപാനികളുടെ ആത്മഗതം
വാർത്ത പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ‘എന്റെ ജീവിതം ഒരു പച്ചക്കള്ളമായിരുന്നോ?’, ‘ഞാൻ ജീവിതത്തിൽ ആദ്യമായി റം കുടിച്ച നിമിഷം ഏതാണെന്ന് എനിക്കിപ്പോൾ ഓർമയില്ല!’ എന്നിങ്ങനെ തമാശയും സങ്കടവും കലർന്ന പ്രതികരണങ്ങളാണ് മദ്യപാനികളിൽ നിന്ന് വരുന്നത്.
കാലങ്ങളായി ഓൾഡ് മങ്ക് എന്നത് വെറുമൊരു ബ്രാൻഡ് ആയിരുന്നില്ല, മറിച്ച് ഒരു തലമുറയുടെ വികാരമായിരുന്നു. എന്നാൽ നിയമപരമായും ശാസ്ത്രീയമായും നോക്കുമ്പോൾ ഒരു ഡ്രിങ്ക് എന്താണെന്ന് ഉപഭോക്താവ് വ്യക്തമായി അറിഞ്ഞിരിക്കണമെന്ന നിലപാടിലാണ് എഫ്എസ്എസ്എഐ.\
സെപ്റ്റംബർ 11ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഒൾഡ് മങ്കിന്റെ പുതിയ ലേബൽ എഫ്എസ്എസ്എഐ അംഗീകരിക്കുമോ അതോ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഈ ഡ്രിങ്ക് ഇനി മുതൽ ‘റം’ എന്ന പേരിലല്ലാതെ പുതിയ ഏതെങ്കിലും പേരിൽ കടകളിൽ എത്തുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും. എന്ത് തന്നെയായാലും, ഓൾഡ് മങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലൂടെയാണ് ബ്രാൻഡ് ഇപ്പോൾ കടന്നുപോകുന്നത്!
