എല്ലാ വാഹനങ്ങളിൽനിന്നും ഫീസ് ഈടാക്കുന്നത് കണ്ണൂരിൽ മാത്രം: വിമാനത്താവളത്തിലെ പ്രവേശനഫീസിനെതിരെ എംഎൽഎ
കണ്ണൂർ ∙ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളിൽനിന്ന് പ്രവേശനഫീസ് ഈടാക്കുന്നതു നിർത്തിവയ്ക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ. ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘നിശ്ചിതസമയം കഴിഞ്ഞശേഷം തിരികെപ്പോകുന്ന വാഹനങ്ങളിൽനിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റു വിമാനത്താവളങ്ങളിൽ ഉണ്ടെങ്കിലും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽനിന്നും ഫീസ് ഈടാക്കുന്നത് കണ്ണൂരിൽ മാത്രമാണ്.’ എംഎൽഎ പറഞ്ഞു.
പാലക്കയം തട്ടിലെ അനധികൃത നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയവും അദ്ദേഹം ഉന്നയിച്ചു. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് കലക്ടർ പി.വിഷ്ണുരാജ് അറിയിച്ചു.
