ദേശീയപാതയിലെ ഗുരുതര അനാസ്ഥ വീണ്ടും; തെറ്റായദിശയിൽ വന്ന ലോറിയിൽ കാറിടിച്ച് യുവാക്കൾ മരിച്ചു

Share our post

രാമനാട്ടുകര (കോഴിക്കോട്): ദേശീയപാതയിൽ ലോറി ഡ്രൈവറുടെ അനാസ്ഥയിൽ രണ്ടുജീവൻ കൂടി പൊലിഞ്ഞു. നിസരി ജങ്ഷനിൽ തെറ്റായ ദിശയിൽ വന്ന് ദേശീയപാതയിലേക്ക് കയറിയ ലോറിയിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാർ യാത്രികരായ പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട്‌ കോട്ടീരി ഹാരിസ് (30), കെ.ടി ജംഷീർ(32) എന്നിവരാണ് മരിച്ചത്. മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ദേശീയപാത 66 ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപം ഞായറാഴ്ച്ച പുലർച്ച മൂന്നരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് ചേളാരി ഭാഗത്തേക്ക് പോവുകയായിരുന്നു കറിലുണ്ടായിരുന്നവർ. കല്ലുകയറ്റിവന്ന ലോറിയിൽ ഇവരുടെ കാർ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ സ്പീഡ് ട്രാക്കിലൂടെ പോയി യൂടേൺ എടുത്ത് വരികയായിരുന്നു ലോറി.

കോഴിക്കോട് ബീച്ചിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു യുവാക്കൾ. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം കയ്പ്പമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിൽ എട്ട് വിദ്യാർഥികളുടെ ജീവനാണ് പൊലിഞ്ഞത്. ദിശാബോർഡുകളോ മറ്റോ ഇല്ലാത്ത റോഡിൽ സർവീസ് റോഡിലേക്ക് തിരിയേണ്ട ഭാഗത്ത് നിർത്തിയിട്ട ലോറിയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!