മംഗളൂരു ടെർമിനൽ നഷ്ടമാകും, പുതിയ ട്രെയിനുകൾക്കു തടസ്സം: മലബാറിലേക്കുള്ള സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക
മലപ്പുറം/തിരുവനന്തപുരം/ : പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നു മംഗളൂരു വേർപെടുത്തുന്നതോടെ കേരളത്തിനുണ്ടാകുന്ന പ്രധാന നഷ്ടം വടക്കേ അറ്റത്തുള്ള ടെർമിനൽ സൗകര്യം ഇല്ലാതാകുമെന്നതാണ്. പൂർണമായും മംഗളൂരു സെൻട്രൽ, മംഗളൂരു ജംക്ഷൻ റെയിൽവേ സ്റ്റേഷനുകളെ ആശ്രയിച്ചാണു പാലക്കാട് ഡിവിഷൻ കേരളത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ഇത്രയും കാലം ട്രെയിനുകൾ ഓടിച്ചിരുന്നത്.
മലബാർ മേഖലയിൽ ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യം ഒരുക്കണമെന്ന് ആവശ്യം ഉയർന്ന ഘട്ടത്തിൽ എല്ലാം മംഗളൂരുവിൽ സൗകര്യമുണ്ടെന്ന മറുപടി നൽകി അതു നിഷേധിക്കുകയാണ് റെയിൽവേ ചെയ്തിരുന്നത്. കേരളത്തിന്റെ അതിർത്തിക്കുള്ളിൽ കാസർകോട് കുമ്പളയിൽ റെയിൽവേയ്ക്ക് 30 ഏക്കർ ഭൂമി സ്വന്തമായുണ്ട്. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് ഇവിടെ കൂടുതൽ ഭൂമി കണ്ടെത്തി വിപുലമായ ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യങ്ങളും പ്ലാറ്റ്ഫോമുകളും നിർമിച്ചില്ലെങ്കിൽ വരുംവർഷങ്ങളിൽ മലബാറിൽ നിന്ന് എവിടേക്കും പുതിയ ട്രെയിൻ സർവീസുകൾ ലഭിക്കാത്ത സ്ഥിതി വരും.
നിലവിലുള്ള ട്രെയിൻ സർവീസുകളെ ഡിവിഷൻ വിഭജനം ബാധിക്കില്ലെങ്കിലും ഒക്ടോബർ 1നു ശേഷം മംഗളൂരു ഏരിയ, ദക്ഷിണ പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലാകുന്നതോടെ അവരുടെ അനുമതി ഇല്ലാതെ പുതിയ ട്രെയിനുകളോടിക്കാൻ കഴിയില്ല. മംഗളൂരുവിലേക്കു ട്രെയിൻ ഓടിക്കണമെങ്കിലും അനുമതി ആവശ്യമാണ്. ദക്ഷിണ റെയിൽവേ തുടർച്ചയായി അവഗണിക്കുന്നുവെന്നും മംഗളൂരുവിൽ നിന്ന് കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ട്രെയിനുകളോടിക്കുന്നില്ലെന്ന പരാതികളെ തുടർന്നാണു മംഗളൂരുവിനെ ദക്ഷിണ പശ്ചിമ റെയിൽവേയിൽ ചേർക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്. പ്രാദേശിക വികാരം കണക്കിലെടുത്ത് മംഗളൂരുവിലെ ലഭ്യമായ സൗകര്യങ്ങൾ പൂർണമായും കർണാടകയിലേക്ക് ട്രെയിനുകളോടിക്കാൻ ഉപയോഗിക്കാനാണ് സാധ്യത.
