കോടികളുടെ കഞ്ചാവ് വിളയുന്നത് ഒഡീഷയിലെ സർക്കാർ ഭൂമിയിൽ; ട്രെയിനുകളിലും ലോറികളിലുമായി കേരളത്തിലേക്ക്
ആർക്കും പെട്ടെന്ന് എത്തിപ്പെടാനാകാത്ത ഉൾവനങ്ങളിലാണ് ഒഡീഷയിലെ ലഹരി മാഫിയ താവളമുറപ്പിച്ചിരിക്കുന്നത്. കേരളത്തിലേക്കും രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കും ഒഴുകുന്ന കോടികളുടെ കഞ്ചാവ് അവർ വിളയിക്കുന്നത് അധികൃതരുടെ കണ്ണുവെട്ടിച്ച് ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കൈയേറിയാണ്.
ഒഡീഷയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ സർക്കാർ-റവന്യൂ ഭൂമി കൈയേറി ലഹരി മാഫിയ നടത്തുന്ന വൻതോതിലുള്ള കഞ്ചാവ് കൃഷിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൃഷി സീസൺ ആരംഭിക്കാനിരിക്കെ, റവന്യൂ ഭൂമിയിലെ അനധികൃത കഞ്ചാവ് കൃഷിക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാർക്ക് കർശന നിർദേശം നൽകി.
മൽക്കൻഗിരി, കോരാപുട്ട്, രായഗഡ, കന്ധമാൽ, ബൗദ്ധ്, ഗജപതി എന്നീ ആറു ജില്ലകളിലാണ് ഒഡീഷയിലെ കഞ്ചാവ് മാഫിയയുടെ വേരുകൾ ഏറ്റവും ശക്തമായി പടർന്നിട്ടുള്ളത്. കഴിഞ്ഞ 2025–26 വിളവെടുപ്പ് സീസണിൽ മാത്രം ഒഡീഷ പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ഈ ജില്ലകളിലായി 36,508 ഏക്കർ സ്ഥലത്തെ അനധികൃത കഞ്ചാവ് കൃഷിയാണ് വെട്ടിനശിപ്പിച്ചത്. ഇതിൽ 6,632 ഏക്കറിലധികം ഭൂമി സർക്കാരിന്റെയോ റവന്യൂ വകുപ്പിന്റെയോ ഉടമസ്ഥതയിലുള്ളതായിരുന്നു എന്നതാണ് ഞെട്ടിക്കുന്നത്.
ലഹരിസംഘങ്ങൾ ഒരേ സ്ഥലങ്ങളിൽത്തന്നെ വീണ്ടും വീണ്ടും കൃഷിയിറക്കുന്ന പ്രവണതയുണ്ടെന്ന് റവന്യൂ സെക്രട്ടറി അരബിന്ദ കുമാർ പാധി ജില്ലാ കളക്ടർമാർക്കയച്ച കത്തിൽ വ്യക്തമാക്കി. പൊലീസ് നിരീക്ഷണം കുറവുള്ള ഉൾപ്രദേശങ്ങളാണ് മാഫിയ താവളമാക്കുന്നത്. സർക്കാർ ഭൂമിയിൽ കഞ്ചാവ് കൃഷി ശ്രദ്ധയിൽപ്പെട്ടാൽ 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ സെക്ഷൻ 47 പ്രകാരം ഉടൻതന്നെ പൊലീസിലോ സ്പെഷ്യൽ ടാസ്ക് ഫോഴ്സിലോ വിവരമറിയിക്കണമെന്നാണ് നിർദേശം. മാഫിയക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാധാരണ വിളകളേക്കാൾ പത്തിരട്ടിയിലധികം വരുമാനം ലഭിക്കുമെന്നതാണ് ദുർഘട മലയോരങ്ങളിലെ കർഷകരെ കഞ്ചാവ് കൃഷിയിലേക്ക് ആകർഷിക്കുന്നത്. സാധാരണ വിളകൾക്ക് നാമമാത്രമായ വരുമാനം ലഭിക്കുമ്പോൾ, കഞ്ചാവ് കിലോഗ്രാമിന് 2,000 മുതൽ 3,000 രൂപ വരെ ഗ്രാമീണർക്ക് ലഭിക്കുന്നു. എന്നാൽ, ഈ കൃഷിക്ക് പിന്നിലെ യഥാർത്ഥ നിക്ഷേപകർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വൻകിട ലഹരി സിൻഡിക്കേറ്റുകളാണ്. മുൻപ് മാവോയിസ്റ്റ് സ്വാധീന മേഖലകളായിരുന്ന പല പ്രദേശങ്ങളിലും ഇത്തരം കഞ്ചാവ് കൃഷി അവരുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായിരുന്നു. അടുത്തിടെ മാത്രം മാവോയിസ്റ്റ് മുക്തമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിലും ഈ ശൃംഖലയുടെ വേരറുക്കാൻ ഭരണകൂടം പണിപ്പെടുകയാണ്.
കഴിഞ്ഞ ജൂൺ–ജൂലൈ മാസങ്ങളിൽ നടത്തിയ പ്രത്യേക ഡ്രൈവിലൂടെ മാത്രം 544 കോടി രൂപ വിലമതിക്കുന്ന 108 മെട്രിക് ടണ്ണിലധികം കഞ്ചാവാണ് ഒഡീഷ പൊലീസ് നശിപ്പിച്ചത്. ആന്ധ്രാപ്രദേശ്, ഒഡീഷ അതിർത്തികളിൽ പ്രധാനമായി കൃഷിചെയ്യുന്ന കഞ്ചാവ് ഇനമായ ശീലാവതിയുടെ പ്രധാന വിപണികളിലൊന്ന് കേരളമാണ്. ഒഡീഷയിലെ മലയോരങ്ങളിൽനിന്ന് കിലോഗ്രാമിന് ₹2,000 മുതൽ ₹3,000 വരെ നിരക്കിൽ സംഭരിക്കുന്ന ഉണങ്ങിയ കഞ്ചാവ്, പല കൈമറിഞ്ഞ് കേരളത്തിലെ ചില്ലറ വിപണിയിലെത്തുമ്പോൾ കിലോഗ്രാമിന് ₹1,00,000 രൂപ വരെയും എത്തും.
ഒഡീഷയിൽനിന്ന് ആന്ധ്ര അതിർത്തിവഴി കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകളാണ് കഞ്ചാവ് കടത്തുകാരുടെ പ്രധാന ആശ്രയം. ധൻബാദ് എക്സ്പ്രസ്, ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ട്രാവൽ ബാഗുകളിലും ബാക്ക്പാക്കുകളിലുമാക്കിയാണ് കാരിയർമാർ ലഹരി എത്തിക്കുന്നത്. പച്ചക്കറി, കൽക്കരി, തടി എന്നിവ കയറ്റിവരുന്ന അന്തർസംസ്ഥാന ചരക്ക് ലോറികളിലും അത്യാധുനിക ആഡംബര കാറുകളുടെ ബോണറ്റിനടിയിലും പ്രത്യേക അറകൾ നിർമ്മിച്ചും വൻതോതിലുള്ള കഞ്ചാവ് കടത്ത് നടക്കുന്നുണ്ട്.
പ്രതിഫലമായി ₹25,000–₹30,000 രൂപ വാഗ്ദാനംചെയ്ത് ഒഡീഷ സ്വദേശികളായ തൊഴിലാളികളെ ലഹരി സിൻഡിക്കേറ്റുകൾ കാരിയർമാരായി ഉപയോഗിക്കുന്നുണ്ട്. അങ്കമാലി കരയാംപറമ്പിൽ വച്ച് 116 കിലോയോളം കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികളെ എക്സൈസ് പിടികൂടിയത് അടുത്തിടെയാണ്.
