പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ്; ജാമ്യം ലഭിച്ചാലും ആയങ്കി അകത്തുതന്നെ

Share our post

കൊച്ചി ∙ സ്റ്റേഷൻ ഇൻസ്പെക്ടർമാരെ ഭീഷണിപ്പെടുത്തിയ കേസുകളിൽ ജാമ്യം ലഭിച്ചാലും കോതമംഗലം റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കപ്പെട്ടത് അർജുൻ ആയങ്കിയെ കൂടുതൽ കാലം തടവിലാക്കാൻ പൊലീസിന് സഹായകമാകും. കോതമംഗലം, ഊന്നുകൽ എസ്എച്ച്ഒമാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന കേസ് അന്വേഷിക്കുന്ന കുട്ടമ്പുഴ പൊലീസ് തിങ്കളാഴ്ച ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കണ്ണൂരിൽ അറസ്റ്റിലായ ആയങ്കിയുടെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ഇന്നലെ കോതമംഗലത്തെത്തിച്ച് തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തിരുന്നു. 

കോതമംഗലത്ത് അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ ക്രിമിനൽ സംഘം ഒത്തുകൂടിയെന്ന കേസിൽ ലഭിച്ച ജാമ്യമാണ് കോതമംഗലം മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയത്. ജാമ്യത്തിലിരിക്കെ കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന പൊലീസ് വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി. ഭീഷണിപ്പെടുത്തൽ കേസുകളിൽ ജാമ്യം ലഭിച്ചാലും റിസോർട്ട് കേസിൽ ജാമ്യം റദ്ദായതിനാൽ ആയങ്കിക്ക് ജയിലിൽ തുടരേണ്ടി വരും. അതോടൊപ്പം, റദ്ദാക്കിയ ജാമ്യം പുനഃസ്ഥാപിക്കാൻ ആയങ്കിക്ക് ഇനി സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയെയോ സമീപിക്കേണ്ടി വരും.

ഇക്കഴിഞ്ഞ മേയ് 3ന് നിയമസഭാ വോട്ടെണ്ണലിന്റെ തലേ രാത്രിയാണ് കോതമംഗലം പുന്നേക്കാടുള്ള റിസോർട്ടിൽ നിന്ന് അർജുൻ ആയങ്കിയെയും സുഹൃത്തുക്കളെയും കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും പിന്നീട് അറസ്റ്റ് ചെയ്യുന്നതും. എറണാകുളം റൂറൽ പൊലീസിന്റെ ‘ഓപ്പറേഷൻ സ്റ്റീൽ ബേഡ്’ നടപടിയുടെ ഭാഗമായി നടന്ന ഈ പരിശോധനയിൽ, സംഘടിത കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യാൻ ഒത്തുകൂടിയെന്നാരോപിച്ചായിരുന്നു കരുതൽ കസ്റ്റഡി. പിന്നീട് കോതമംഗലം മജിസ്ട്രേറ്റ് കോടതി ആയങ്കി ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചു. ഇതാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.

ഈ കേസിൽ 21 ദിവസം ജയിലിൽ കഴിയേണ്ടി വന്നുവെന്ന് വ്യക്തമാക്കി പിന്നീട് അർജുൻ ആയങ്കി കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുകയായിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്നത് ഊന്നുകൽ പൊലീസാണ്. ഈ കേസിൽ മുൻകൂർ ജാമ്യം തേടി ആയങ്കി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി കനിഞ്ഞില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട കുറ്റകൃത്യമാണ് എന്നായിരുന്നു കോടതി പരാമർശം. തുടർന്നായിരുന്നു ഊന്നുകൽ എസ്എച്ച്ഒയെ വെല്ലുവിളിച്ചുകൊണ്ട് സമൂഹമാധ്യമത്തിലെ കുറിപ്പ്. കീഴടങ്ങാൻ തയാറാണെന്ന് താൻ അറിയിച്ചിട്ടും, തന്നെ പിടിക്കാന്‍ സുഹൃത്തുക്കളിൽ നിന്ന് വിവരം തേടുന്നു എന്നായിരുന്നു ഇതിന്റെ കാരണമായി ആയങ്കി പറഞ്ഞത്. പിന്നീട് ഒളിവിൽ പോയ ആയങ്കി ദിവസങ്ങൾക്കു ശേഷം കണ്ണൂരിൽ വച്ച് പിടിയിലാവുകയായിരുന്നു. ഇതിനിടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അഭിസംബോധന ചെയ്ത് പങ്കുവച്ച കുറിപ്പിൽ എറണാകുളം റൂറൽ സൈബർ പൊലീസും കേസെടുത്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!