കേര കർഷകർക്ക് വെല്ലുവിളിയായി തേങ്ങ മോഷ്ടാക്കൾ പെരുകുന്നു
കേളകം: വിപണി വില കിലോയ്ക്ക് 52 രൂപയോളം എത്തിനിൽക്കുന്നതിനിടെ തേങ്ങ മോഷണം വ്യാപകമായത് കേര കർഷകർക്ക് വെല്ലുവിളിയാകുന്നു. മോഷണം വ്യാപകമായതോടെ കേരകർഷകർക്ക് വലിയ സാന്പത്തിക നഷ്ടമാണ് നേരിടേണ്ടി വരുന്നത്.
കൊളക്കാട്, കേളകം, പെരുന്താനം, കണിച്ചാർ, അണുങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ പുരയിടങ്ങളിൽ നിന്നും ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിൽ നിന്നും തേങ്ങ വലിയ തോതിൽ മോഷണം പോകുന്നതായി കർഷകർ പറഞ്ഞു. ചിലയിടങ്ങളിൽ ആദിവാസി സ്ത്രീകളെയും കുട്ടികളെയും മോഷണസംഘങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. തേങ്ങ ശേഖരിക്കുന്നതിന് കമ്മീഷൻ വ്യവസ്ഥയിലാണ് പ്രത്യക്ഷത്തിൽ വരാത്ത മോഷണസംഘാടകർ ഇവർക്ക് പണം നൽകുന്നത്.
ചില വ്യാപാരികളുടെ ഒത്താശയും ഇവർക്കുണ്ടെന്നും ആരോപണമുണ്ട്. മോഷ്ടിച്ച തേങ്ങകൾ ശേഖരിച്ച് വ്യാപാരികൾക്ക് എത്തിക്കുന്നതിന് ഓട്ടോറിക്ഷകളെ ഇടനിലക്കാരായും ഉപയോഗപ്പെടുത്തുന്നുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും കർഷകർ പറഞ്ഞു. ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തി നടത്തുന്ന മോഷണവിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
