രണ്ട് മിനിറ്റ് ഇടവേളയിൽ ബസ് പെർമിറ്റ്; സമയമാറ്റം ഉറപ്പുനൽകി മന്ത്രി, പരിഹാരം തേടി ബസുടമകളും
കോഴിക്കോട്: ബസ് ജീവനക്കാർക്കിടയിൽ സമയത്തെച്ചൊല്ലിയുള്ള തർക്കവും മത്സരയോട്ടവും ജില്ലയിൽ പതിവാകുമ്പോൾ ബസുകളുടെ റണ്ണിങ് സമയം വീണ്ടും ചർച്ചയാവുന്നു. ബസുകളുടെ റണ്ണിങ് സമയം പുനഃക്രമീകരിക്കാൻ ആലോചിക്കുമെന്ന ഗതാഗതമന്ത്രി സി.പി. ജോണിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ചർച്ച. കാലങ്ങളായി ബസ് ഷെഡ്യൂളുകൾ പുനഃക്രമീകരിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും നിലവിലെ റണ്ണിങ് സമയവും ഗതാഗതക്കുരുക്കുംവെച്ച് എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്ന് ബസ്സുടമകൾക്കും ഉദ്യോഗസ്ഥർക്കും പിടിയില്ല.
റണ്ണിങ് സമയം കൂട്ടുകയാണെങ്കിലും എല്ലാ ബസുകൾക്കും സമയം അനുവദിക്കലും ഗതാഗതക്കുരുക്കും കുരുക്കാവാനാണ് സാധ്യത. കോഴിക്കോട് നഗരത്തിൽ സിറ്റി ബസുകൾക്ക് മൂന്നു മിനിറ്റാണ് ഒരു കിലോ മീറ്റർ പിന്നിടാൻ അനുവദിച്ച സമയം. നഗരത്തിന് പുറത്ത് ശരാശരി രണ്ടര മിനിറ്റും. ബസുകൾ സമയത്തിന് ഓടിയെത്താൻ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് ബസ് ജീവനക്കാരും ഉടമകളും ആവശ്യപ്പെടുന്നത്. കാരപ്പറമ്പും തൊണ്ടയാടുമാണ് ഗതാഗതക്കുരുക്കിൽ ഏറെനേരം കുരുങ്ങുന്നത്.
രണ്ടു മിനിറ്റ് ഇടവേളയിൽവരെ പെർമിറ്റ് അനുവദിച്ചിട്ടുള്ളതിനാൽ അഞ്ചു മിനിറ്റ് വൈകിയാൽപ്പോലും രണ്ടും മൂന്നും ബസുകൾ ഒരുമിച്ചുവരുന്ന സ്ഥിതിയാവുകയും തർക്കമുണ്ടാവുകയും ചെയ്യും. റണ്ണിങ് ടൈം കൂട്ടുകയാണെങ്കിൽ എല്ലാ റൂട്ടിലും ഒരുപോലെ നടപ്പാക്കണമെന്നും കൂടുതൽ ബസുകൾ ഉള്ളതിനാൽ ഇടവേള കൂട്ടുന്നത് നഗരത്തിൽ പ്രയോഗികമാകില്ലെന്നുമാണ് ബസ് ജീവനക്കാർ പറയുന്നത്. മറ്റു റൂട്ടുകളിൽ ഇടവേള കൂട്ടുന്നത് പ്രയോഗികമായേക്കാമെന്നും അഭിപ്രായമുണ്ട്.
നഗരത്തിനു പുറത്തെ റോഡുകളിൽ മത്സരയോട്ടം വ്യാപകമാണ്. നഗരത്തിലെ ബസ്സ്റ്റാൻഡുകളിൽനിന്ന് പുറത്തേക്ക് പോകുന്ന ബസുകൾ ഗതാഗതക്കുരുക്ക് കാരണം നഗരം വിടാൻതന്നെ ഏറെ നേരമെടുക്കുന്നുണ്ട്. നഗരത്തിനുള്ളിൽ പുതിയ പെർമിറ്റുകൾ അനുവദിക്കരുതെന്നും നഗരത്തിനു പുറത്ത് പെർമിറ്റുകൾ അനുവദിക്കുമ്പോൾ ബസുകൾക്കിടയിൽ കൂടുതൽ ഇടവേള നൽകണമെന്നുമാണ് ബസ്സുടമകൾ പറയുന്നത്.
ബസ് സമയം ശാസ്ത്രീയമായി ക്രമീകരിക്കണമെന്നും ട്രിപ്പുകൾ മുടക്കുന്ന ബസുകൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും ബസ് പാസഞ്ചേഴ്സ് ആക്ഷൻ ഫോറം പ്രസിഡന്റ് ടി.കെ.എ. അസീസ് ആവശ്യപ്പെട്ടു.
