സഹോദരൻ പ്രാദേശിക നേതാവ്; പൊലീസെത്തിയാൽ വിവരം കൈമാറാൻ ‘നെറ്റ്‌വർക്ക്’; ഒളിച്ചുകളി തുടർന്ന് ഡോ.റാം

Share our post

കണ്ണൂർ : ആന്ധ്രപ്രദേശിലെ വിവിധയിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയാണ്  ഡോ.എം.കെ. റാം എന്ന് പൊലീസ്. ക്രൈം ബ്രാഞ്ചിലെ നാല് ഉദ്യോഗസ്ഥർ റാമിനെ കണ്ടെത്താൻ പുറകെയുണ്ടെങ്കിലും പിടിക്കാനായിട്ടില്ല. റാമിന്റെ കുടുംബത്തിന്റെ ശക്തമായ ബന്ധങ്ങളാണ് കാരണമെന്ന് പൊലീസ് പറയുന്നു. അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിന‍് രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയാണ് കോളജ് അധ്യാപകനായിരുന്ന ഡോ. എം.കെ.റാം. രണ്ടാഴ്ചയിലധികമായി ക്രൈംബ്രാഞ്ച് സംഘം ആന്ധ്രപ്രദേശിൽ തിരച്ചിൽ നടത്തുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതിയും തള്ളി. ഇതോടെയാണ് റാമിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജിതമാക്കിയത്.

ജൂൺ 19ന് ഹൈക്കോടതി റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രപ്രദേശിലെത്തി അറസ്റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് റാം സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ രണ്ട് ഉദ്യോഗസ്ഥർ ആന്ധ്രപ്രദേശിൽ തുടരുകയും ബാക്കിയുള്ളവർ തിരികെ പോരുകയും ചെയ്തു. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ച രണ്ട് ഉദ്യോഗസ്ഥർ കൂടി ആന്ധ്രയിലെത്തി. റാം ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാകുന്നത്. റാമിന് നല്ല പ്രാദേശിക ബന്ധങ്ങളുമുണ്ട്. അതിനാൽ പൊലീസ് എത്തുന്നത് എളുപ്പത്തിൽ അറിയാൻ സാധിക്കുന്നുണ്ട്.

ഗ്രാമപ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കാണുമ്പോൾ തന്നെ റാമിന് വിവരം ലഭിക്കുകയും അവിടെനിന്ന് രക്ഷപ്പെടുകയുമാണ്. റാമിന്റെ സഹോദരൻ ടിഡിപി പ്രാദേശിക നേതാവാണ്. ആദ്യഘട്ടത്തിൽ ഇയാളുടെ സഹായം റാമിന് ലഭിച്ചിരുന്നെങ്കിലും നിലവിൽ സഹായം നൽകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. റാം ഒളിച്ചു താമസിക്കുന്ന സ്ഥലം നിരീക്ഷണത്തിലാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി സുധീർ കല്ലൻ പറഞ്ഞു. റാം ആന്ധ്രവിട്ട് പോയിട്ടില്ലെന്നും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ വൈ. രാജൻ–സി.ആർ. ലത ദമ്പതികളുടെ മകൻ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപത്തെത്തുടർന്നാണ് ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടാണ് ആത്മഹത്യയ്ക്ക് പെട്ടെന്നുള്ള പ്രേരണയായതെന്നാണ് ആദ്യം കേസന്വേഷിച്ച പൊലീസ് കണ്ടെത്തിയത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് നാല് പേരെ നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.

അന്നത്തെ സിറ്റി പൊലീസ് കമ്മിഷണർ നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഏപ്രിൽ 30ന് ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ചിലെ രണ്ട് ഡിവൈഎസ്പിമാരുെട നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അസ്വാഭാവിക മരണം ഡിവൈഎസ്പി സുധീർ കല്ലനും, മരണത്തിന് കാരണമെന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ ലോ‍ൺ ആപ്പ് ഇടപാട് ഡിവൈഎസ്പി ജീവൻ ജോർജുമാണ് അന്വേഷിക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!