കുഞ്ഞിൻ്റെ ചുണ്ടിൽ ഉണ്ടായിരുന്നത് നേരിയ മുറിവ്; അനസ്‌തേഷ്യ വേണ്ടിയിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Share our post

പയ്യന്നൂര്‍: ഒന്നര വയസുകാരന്റെ മരണത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര പിഴവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാണ്. കുഞ്ഞിന് അനസ്‌തേഷ്യ നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ ചുണ്ടില്‍ ഉണ്ടായിരുന്നത് നേരിയ മുറിവ് മാത്രമായിരുന്നു. മൂന്ന് ദിവസംകൊണ്ട് ആ മുറിവ് ഉണങ്ങുമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കുഞ്ഞിന്റെ മുറിവില്‍ തുന്നല്‍ പോലും ആവശ്യമുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 0.6 × 0.2 × 0.2 ആഴത്തില്‍ മാത്രം ഉണ്ടായ മുറിവാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. ആ മുറിവിന് സര്‍ജറി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനസ്‌തേഷ്യ നല്‍കി പത്ത് മിനിറ്റിനകം കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കുഞ്ഞ് ബോധരഹിതനായത്. തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അനസ്‌തേഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിന് എതിരെയാണ് നിലവില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡിയാട്രീഷ്യന്‍ ഡോ. ആശ നിര്‍മ്മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കണ്ണൂര്‍ ഡിഎംഒയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ ഡിവൈഎസ്പി കത്ത് നല്‍കിയിരുന്നു. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകള്‍ മെഡിക്കല്‍ ബോര്‍ഡിന് കൈമാറും. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

ചൊവ്വാഴ്ച ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ അടക്കമുള്ള സംഘം കുഞ്ഞിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ സംഭവിച്ചതായാണ് മാതാപിതാക്കളോട് സംസാരിച്ചതില്‍ നിന്ന് മനസിലാകുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനുമായി അടുത്ത ദിവസം കൂടിക്കാഴ്ച നടത്തുമെന്നും ബാലാവകാശ ചെയര്‍പേഴ്‌സണ്‍ പറഞ്ഞിരുന്നു.

ജൂലൈ അഞ്ചാം തീയതി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വീണായിരുന്നു ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുഞ്ഞിനെ മാതമംഗലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കുഞ്ഞിനെ പയ്യന്നൂരിലെ ബേബി മമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് അനസ്‌തേഷ്യ നല്‍കി. ഇതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി. ഇതോടെ കുഞ്ഞിനെ കണ്ണൂരിലെ ബേബി മമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ജൂലൈ പത്താംതീയതി കുഞ്ഞ് മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കുടുംബം പരാതി നല്‍കി. ഉത്തരവാദികളായ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!