‘മന്ത്രിയാക്കാം, മൂന്ന് കോടിക്ക്’; വിദ്യ ബാലകൃഷ്ണന്‍ എംഎല്‍എക്ക് ‘ഓഫര്‍’, അന്വേഷണം തുടങ്ങി

Share our post

കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നതായി കോഴിക്കോട് എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന്റെ പരാതി. സംസ്ഥാന മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാകുമെന്നും മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞാണ് വാട്‌സ്ആപ്പില്‍ കോള്‍ എത്തിയത്. എംഎല്‍എയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.

ജൂലൈ ആറിനാണ് ഫോണ്‍ കോള്‍ വന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണെന്നാണ് എംഎല്‍എയോട് പറഞ്ഞത്. മന്ത്രിസഭ പുനഃസംഘടന വരാനിരിക്കുകയാണെന്നും നിലവിലുള്ള പല മന്ത്രിമാരും മാറുമെന്നും വിളിച്ചയാള്‍ പറഞ്ഞു. വിദ്യക്ക് മന്ത്രിയാകാനുള്ള ഒരു സാധ്യതയുണ്ട്. മൂന്ന് കോടി രൂപ നല്‍കുകയാണെങ്കില്‍ മന്ത്രിപദം ശരിയാക്കാം എന്ന രീതിയിലാണ് വിളിച്ചയാള്‍ ഹിന്ദിയില്‍ സംസാരിച്ചതെന്ന് എംഎല്‍എ പറയുന്നു.

ജില്ലയിലെ മറ്റൊരു എംപിയുടെ പേര് റെഫറന്‍സായി വെച്ചുകൊണ്ടായിരുന്നു സംസാരം. സംശയത്തെ തുടര്‍ന്ന് വിദ്യ ബാലകൃഷണന്‍ ഈ എംപിയുമായി ബന്ധപ്പെട്ടു. തന്നെ എഐസിസി ആസ്ഥാനത്തു നിന്നാണെന്ന് പറഞ്ഞ് വിളിച്ച് രണ്ട് എംഎല്‍എമാരുടെ നമ്പര്‍ ചോദിച്ചിരുന്നുവെന്നും അതല്ലാതെ ഇതിനെക്കുറിച്ച് അറിയില്ല എന്നുമാണ് എംപി പറഞ്ഞത്. തുടര്‍ന്നാണ് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കി പതിനൊന്നാം തീയതി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് കോള്‍ ആയതിനാല്‍ എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തുന്നതിന് പരിമിതി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണം കൃത്യമായിട്ട് നടത്തിയാല്‍ മാത്രമേ ഇതിന് പിന്നിലെ പ്രതികളെ കണ്ടുപിടിക്കാനാകൂവെന്ന് വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. പല ആളുകള്‍ക്കും ഇത്തരത്തില്‍ കോള്‍ വന്നിട്ടുണ്ട്. തട്ടിപ്പാണെന്ന് അറിഞ്ഞ് തന്നെയാണ് പൊാലീസിനെ അറിയിച്ചത്. അവര്‍ ഉദ്ദേശിച്ചത് എല്ലാ ആളുകളെയും പറ്റിക്കുന്ന പോലെ കേരളത്തിലുള്ള ആളുകളെയും പറ്റിക്കാം എന്നാണ്. സാധാരണക്കാരായ ഒരുപാട് ആളുകള്‍ ഇത്തരം തട്ടിപ്പില്‍ വീണുപോകാന്‍ സാധ്യതയുണ്ട്. ഈ ആളുകള്‍ നിര്‍ബന്ധമായിട്ടും നിയമത്തിന്റെ മുന്നിലേക്ക് വരേണ്ടതുണ്ട്. അതിനു വേണ്ടിയാണ് പരാതി കൊടുത്തത് -എംഎല്‍എ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!