കേസെടുക്കാന്‍ എത്രതവണ സ്റ്റേഷന്‍ കയറിയിറങ്ങണം? ഓപ്പറേഷൻ തൂഫാനിൽ കയ്യടിനേടുമ്പോഴും പൊലീസിൽ നിന്ന് നീതി അകലെ

Share our post

കൊച്ചി: പരാതി നല്‍കി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും പരാതിക്കാർക്ക് നീതി അകലെ. ഓപ്പറേഷന്‍ തൂഫാനില്‍ പൊലീസും ആഭ്യന്തര വകുപ്പും കയ്യടി നേടുമ്പോഴാണ് പൊലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണവുമായി പരാതിക്കാര്‍ രംഗത്തെത്തുന്നത്. വൃക്ക വാഗ്ദാനം ചെയ്ത് അമ്പത് ലക്ഷം തട്ടിയെന്ന കേസില്‍ പൊലീസിനെതിരെ മലേഷ്യന്‍ സ്വദേശി രംഗത്തെത്തി. വൃക്ക ലഭിക്കാത്തതിനാല്‍ ബന്ധു കൂടിയായ രോഗി അത്യാസന്ന നിലയിലാണെന്ന നിസ്സഹായാവസ്ഥയും കുടുംബം പങ്കുവെച്ചു.

വൃക്ക വാഗ്ദാനം ചെയ്ത് 50ലക്ഷം രൂപയാണ് മലേഷ്യന്‍ സ്വദേശിയില്‍ നിന്നും കൊച്ചിയിലുള്ള സാദിഖ് എന്നയാള്‍ തട്ടിയത്. രോഗി അത്യാസന്ന നിലയില്‍ തുടരുമ്പോഴും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. പകരം ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിനകം പണം കൊടുക്കാമെന്ന് പറഞ്ഞ സാദിഖ് കുടുംബത്തെയും പൊലീസിനേയും ഒരുപോലെ കബളിപ്പിച്ച് മുങ്ങി. എന്നിട്ടും സീറോ എഫ്‌ഐആര്‍ പോലും പൊലീസ് ഇട്ടിട്ടില്ല. സാദിഖില്‍ നിന്നും പണം തിരികെ കിട്ടാതെ ചികിത്സ മുന്നോട്ടുപോകില്ലെന്നതിനാല്‍ മലേഷ്യന്‍ കുടുംബം ദുരവസ്ഥയിലാണ്.

സമാനമായ രീതിയില്‍ തിരുവനന്തപുരത്തെ ടാക്‌സി ഡ്രൈവര്‍ ഫ്രാന്‍സിസും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തി. കനറാ ബാങ്കിനെ മറയാക്കി നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ കേസെടുക്കാനായി രണ്ടാഴ്ചയ്ക്കിടെ നാല് സ്റ്റേഷനുകള്‍ കയറിയിറങ്ങിയെന്ന് ഫ്രാന്‍സിസ് പറയുന്നു. ഇനിയും പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങാന്‍ വയ്യെന്നും സാധാരണക്കാര്‍ നീതി ലഭിക്കില്ലെന്നുമാണ് ഫ്രാന്‍സിസിന്‍റെ പക്ഷം. സര്‍ക്കാര്‍ മാറിയിട്ടും സിസ്റ്റം മാറിയില്ലേയെന്ന വിമര്‍ശനമാണ് പൊലീസിനും ആഭ്യന്തരവകുപ്പിനും നേരെ ഉയരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!