ദേവാൻഷിന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു
കണ്ണൂർ: പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്ക്കരിച്ചു. അനസ്തീഷ്യ, പീഡിയാട്രിക്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്നതാണ് ബോർഡ്.
കുട്ടിക്ക് നൽകിയ മരുന്നുകൾ, ചികിത്സ, ഡോക്ടർമാരുടെയും മാനേജ്മെന്റിന്റെയും പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്വേഷണമുണ്ടാകും. പണം കൂടുതൽ ലഭിക്കാനായി ചികിത്സ നടത്താനുള്ള പദ്ധതിയുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും. ബോർഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പോലീസിന്റെ തുടർനടപടികൾ.
കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. കൂടാതെ, അനസ്തീഷ്യ നൽകിയശേഷം തുടർചികിത്സ വൈകിയതായും കണ്ടെത്തിയിട്ടുണ്ട്.
എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകൻ, ഒരു വർഷവും അഞ്ചുമാസവും പ്രായമായ ദേവാൻഷ് ശൗര്യയാണ് വെള്ളിയാഴ്ച മരിച്ചത്. കളിക്കുന്നതിനിടെ കുഞ്ഞിന് മുഖത്ത് പരിക്കേറ്റിരുന്നു. കീഴ്ച്ചുണ്ടിനും താടിയ്ക്കും ഇടയിലായിരുന്നു മുറിവ്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. മുറിവ് തുന്നലിടുന്നതിന് കുഞ്ഞിന് അനസ്തീഷ്യ നൽകിയതിനെ തുടർന്ന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിക്കെയാണ് മരണം.
