മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരിക്ക് ക്രൂരമർദ്ദനം; ഒടുവിൽ കട്ടിലിനടിയിൽ നിന്ന് കിട്ടിയത് മുക്കുപണ്ടം, നാടകീയ ട്വിസ്റ്റ്
കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പറവൂർ നന്ദികുളങ്ങരയിലാണ് സംഭവം.
യുവതിയുടെ സഹോദരൻ ജയ്സൺ, ഭാര്യ എന്നിവർക്കെതിരെയാണ് പറവൂർ പോലീസ് കേസെടുത്തത്. യുവതിയെ ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ മോഷണം പോയെന്ന് പ്രതികൾ അവകാശപ്പെട്ട മാല പിന്നീട് കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയെങ്കിലും, ഇത് മുക്കുപണ്ടം ആണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
സഹോദരിക്ക് നൽകാനുള്ള ഒരു ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ വേണ്ടി ബോധപൂർവ്വം കെട്ടിച്ചമച്ച വ്യാജ പരാതിയായിരുന്നു മോഷണക്കഥയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പകയിലാണ് മാല മോഷ്ടിച്ചെന്ന കള്ളക്കഥ ഉണ്ടാക്കി ജയ്സണും ഭാര്യയും ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. അതേസമയം ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.
