52 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ രാജേഷിനെ രക്ഷിക്കാമായിരുന്നു; ബന്ധു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ബന്ധു. ചികിത്സ വൈകിയതുതന്നെയാണ് രാജേഷ് കുമാര്‍ മരിക്കാന്‍ കാരണമെന്ന് ബന്ധു പറഞ്ഞു. രാജേഷ് കുമാറിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സെക്യൂരിറ്റി ജീവനക്കാരനോ ഡോക്ടറോ നഴ്‌സോ ആരെങ്കിലും ഒരാള്‍ വിചാരിച്ചിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നും ബന്ധു പറഞ്ഞു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലി സ്ഥലത്തുനിന്നാണ് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത് സെക്യൂരിറ്റി ജീവനക്കാരന്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ക്യൂവില്‍ നിവല്‍ക്കണമെന്നാണ് പറഞ്ഞത്. വേദനയോടെ രാജേഷ് ക്യൂവില്‍ നിന്നു. ഇതിനിടെ ഭാര്യ അവിടേയ്ക്ക് എത്തി. അതിന് ശേഷം രാജേഷിനെ ഒരു കസേരയില്‍ ഇരുത്തി. തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍ എത്തി പരിശോധിച്ചത്. തുടര്‍ന്ന് ഇസിജി എടുത്തു. ഹൃദയാഘാതം സംഭവിച്ചതാണെന്ന് പറഞ്ഞു. ഹൃദയാഘാതം സംഭവിച്ചാല്‍ നല്‍കേണ്ട പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കിയില്ല. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആംബുലന്‍സ് എത്തിയപ്പോഴേക്കും രാജേഷ് മരിക്കുകയുമായിരുന്നു എന്നും ബന്ധു പറഞ്ഞു. 52 വയസ് മാത്രമേ രാജേഷിന് ഉണ്ടായിരുന്നുള്ളൂ. ആശുപത്രി അധികൃതര്‍ ഗൗരവത്തിലെടുക്കേണ്ടതായിരുന്നു. അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമേയുണ്ടായിരുന്നുള്ളൂ എന്നും ബന്ധു പറഞ്ഞു. രാജേഷിന്റെ മകന്‍ ദുബായിലാണ്. മകന്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകളെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു.
