പുതിയ വ്യാപാര സമുച്ചയവും പാർക്കിംഗ് കേന്ദ്രവുമൊന്നുമായില്ല; കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് വിടാതെ സാമൂഹ്യവിരുദ്ധർ

Share our post

കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിൽ ആധുനിക രീതിയിലുള്ള വ്യാപാര സമുച്ചയം നിർമ്മിക്കാനുള്ള കോർപ്പറേഷൻ ശ്രമം പാളി. 2021 ൽ നേരത്തെയുള്ള ഭരണസമിതി ഇങ്ങനെയൊരു ശ്രമം നടത്തിയെങ്കിലും എവിടെയും എത്താത്ത സ്ഥിതിയാണ്. വ്യാപാര സമുച്ചയത്തിന് പുറമെ രണ്ട് നിലയുള്ള വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കാൻ പദ്ധതിയിട്ടെങ്കിലും ഒന്നും നടന്നില്ല. നിലവിലെ കോർപ്പറേഷൻ ഭരണസമിതിക്ക് മുന്നിൽ ഇങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നാണ് അധികൃതർ അറിയിച്ചത്.

ഇതോടെ അനാസ്ഥയിൽ നശിക്കുകയാണ് ഇവിടെയുള്ള 40 വർഷത്തിലേറെ പഴക്കമേറിയ വ്യാപാര സമുച്ചയവും രണ്ടേക്കറിലധികമുള്ള സ്ഥലവും. പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ സമുച്ചയം ഒരുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഏറേ ജീർണ്ണിച്ച ഈ കെട്ടിടം അപകടാവസ്ഥയിലുമാണ്.

കോർപറേഷനു പുതിയ ഓഫീസ് സമുച്ചയം സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചാൽ ഉടൻ വ്യാപാര സമുച്ചയം സംബന്ധിച്ച് വിപുലമായ യോഗം വിളിക്കാൻ വരെ തീരുമാനിച്ചിരുന്നതാണ്. ഓഫീസിന്റെ പ്രവൃത്തി തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് വർഷത്തിലേറെയായി. പഴയ ബസ് സ്റ്റാൻഡ് സ്ഥലം ഉപയോഗപ്പെടുത്തി വ്യാപാര സമുച്ചയം നിർമ്മിക്കുന്നതിലൂടെ കോർപ്പറേഷന്റെ തനതു ഫണ്ടിൽ വർദ്ധനയാണ് ലക്ഷ്യം വച്ചത്. താവക്കരയിൽ ബസ് സ്റ്റാൻഡ് നിർമ്മിച്ചതോടെയാണ് പഴയ ബസ് സ്റ്റാൻഡിന്റെ പ്രധാന്യം കുറഞ്ഞത്. ഇപ്പോൾ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന എല്ലാ ബസുകളും ഇവിടെ എത്തുന്നില്ല. യാത്രക്കാരുടെ എണ്ണവും വലിയ തോതിൽ കുറഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങൾക്കും പൂട്ടുവീഴുന്ന സ്ഥിതിയായി.

സാമൂഹ്യവിരുദ്ധരുടെ താവളം

നിലവിൽ പകൽ സമയങ്ങളിൽ പോലും സാമൂഹ്യവിരുദ്ധരുടെ താവളമാണ് പഴയ ബസ് സ്റ്റാൻഡ്. രാത്രിയായാൽ ഇരുട്ടിലാണ് ഇവിടം. തെരുവ് നായ്ക്കളും, കന്നുകാലികളും തമ്പടിക്കുന്ന പ്രധാന കേന്ദ്രം. യാത്രക്കാരുടെ എണ്ണം കുറവായതോടെ ഇവിടുത്തെ വ്യാപാരികൾ പ്രതിസന്ധിയിലായി. ഒരു ദിവസം 1000 രൂപയുടെ കച്ചവടം പോലും കിട്ടുന്നില്ലെന്നാണ് ഇവിടെയുള്ള വ്യാപാരികൾ പറയുന്നത്. ബസ് സ്റ്റാൻഡ് സ്ഥലം കൈയേറി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ അടുത്തിടെ കോർപ്പറേഷൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ,​ ഇക്കാര്യത്തിൽ ഇപ്പോഴും കുറവൊന്നുമുണ്ടായിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!