കരുതുക, കുരുക്കുണ്ട്
കണ്ണൂർ : നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം കേബിളുകൾ യാത്രക്കാർക്ക് അപകടമാകുന്നു. മുനിസിപ്പൽ സ്കൂളിന് മുൻവശത്തുമുതൽ കോടതി പരിസരംവരെ പ്രശ്നം രൂക്ഷമാണ്. വിദ്യാർഥികളും കാഴ്ചപരിമിതരുമടക്കം നൂറുകണക്കിന് ആളുകളാണ് കേബിൾ താഴ്ന്നുകിടക്കുന്ന നടപ്പാത ദിവസേന ഉപയോഗിക്കുന്നത്. എന്നിട്ടും കേബിളുകൾ നീക്കി നടപ്പാതകൾ സുരക്ഷിതമാക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കളക്ടറേറ്റ് പരിസരത്തെ നടപ്പാതയിൽ പലയിടത്തും കേബിളുകൾ താഴ്ന്നുകിടക്കുന്നുണ്ട്. കുനിഞ്ഞുനടന്നില്ലെങ്കിൽ കഴുത്തിൽ കുടുങ്ങുമെന്നുറപ്പാണ്. പൊതുമരാമത്തു വകുപ്പ് ഓഫീസിനുമുൻപിലും പലയിടത്തും കേബിൾ തൂങ്ങിക്കിടക്കുകയാണ്. കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിന് മുൻപിൽ സ്ഥിതി രൂക്ഷമാണ്. പ്രധാന കവാടത്തിനുമുൻപിലേക്കാണ് കേബിളുകൾ താഴ്ന്നുകിടക്കുന്നത്. അവിടുത്തെ നടപ്പാതയോടുചേർന്ന് കേബിളുകൾ കെട്ടിയിട്ടിട്ടുമുണ്ട്.
ടൗൺ സ്ക്വയറിനുമുൻപിലെ നടപ്പാതയിലും കേബിൾ താഴ്ന്നുകിടക്കുകയാണ്. പോലീസ് ടർഫിനുമുൻപിലെ നടപ്പാതയുടെ കൈവരിയിലൂടെ കേബിൾ വലിച്ചിരിക്കുന്നത് കാണാം. സ്റ്റേഡിയം പരിസരത്ത്, നടപ്പാതയോടുചേർന്നുള്ള പോസ്റ്റിൽനിന്ന് കേബിളുകൾ താഴെ വീണുകിടക്കുകയാണ്. ഈ കേബിളുകൾക്ക് മുകളിലാണ് ഇരുചക്ര വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്.
കോർപ്പറേഷനിൽനിന്ന് കളക്ടറേറ്റിലേക്ക് പോകുന്നവഴിയിലും കേബിളുകൾ താഴ്ന്നുകിടക്കുകയാണ്. ഓഫീസേഴ്സ് ക്ലബ് പരിസരം, മുനീശ്വരൻ കോവിൽ പരിസരം, ട്രാഫിക് സർക്കിൾ, പ്ലാസാ ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യാത്രക്കാർ കേബിളുകൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്. യാത്രക്കാർക്ക് അപകടമുയർത്തുന്ന രീതിയിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ നീക്കാൻ ജില്ലാതല അവലോകനയോഗത്തിൽ നിർദേശം നൽകിയിരുന്നെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.
