ഒന്ന് കൈപിടിക്കു പയ്യന്നൂർ താലൂക്ക് ആസ്പത്രിയെ
പയ്യന്നൂർ : ആയിരങ്ങളുടെ ആശ്രയമാണ് പയ്യന്നൂർ ഗവ. താലൂക്ക് ആസ്പത്രി. വലിയ കെട്ടിടവും സൗകര്യവും ഉണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ല. നഴ്സിങ് അസിസ്റ്റന്റ് മുതൽ ഡോക്ടർമാർ വരയുള്ള ഒഴിവ് നികത്തിയില്ലെങ്കിൽ പാവപ്പെട്ട രോഗികളാണ് വഴിയാധാരമാകുന്നത്.
പ്രായമായ രോഗികളെ ചക്രക്കസേരയിൽ എത്തിക്കാൻ വരെ ഇപ്പോൾ ജീവനക്കാരില്ല. അഞ്ച് നഴ്സിങ് അസിസ്റ്റന്റുമാരുടെ കുറവുണ്ടെന്നാണ് പറയുന്നത്. വിരമിക്കലും പ്രൊമോഷൻ നിലച്ചതും പുതിയ നിയമനമില്ലാത്തതും തിരിച്ചടിയായി. ആസ്പത്രി വികസന ഫണ്ടിൽനിന്ന് ഒരാളെ നിയമിച്ചിട്ടുണ്ട്. നൂറുകണക്കിന് രോഗികൾ എത്തുന്ന ഇവിടെ അത് മതിയാകില്ല. കൂടുതൽപേരെ നിയമിക്കാനുള്ള ഫണ്ടും എച്ച്.എം.സി.ക്ക് ഇല്ല.
പയ്യന്നൂർ താലൂക്ക് ആസ്പത്രിയിലെ സർജൻ ഡോ. ജലീൽ കണ്ണൂരിലേക്ക് ട്രാൻസ്ഫറായി. ശസ്ത്രക്രിയയ്ക്കായി ഒരുപാട് രോഗികൾ കാത്തുനിൽക്കുമ്പോഴാണ് ഈ മാറ്റം. ഇപ്പോൾ കുറച്ച് ദിവസത്തേക്ക് കൂടി ഡോക്ടറുടെ സേവനം പയ്യന്നൂരിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.
നിലവിൽ കാഷ്വാലിറ്റിയിൽ നാല് ഡോക്ടർമാർ മാത്രമാണ് ഉള്ളത്. ചുരുങ്ങിയത് ഒൻപത് ഡോക്ടർമാരെങ്കിലും വേണ്ടിടത്താണ് ഇത്. രാത്രി ഉൾപ്പെടെ അത്യാവശ്യ വിഭാഗം നോക്കണമെങ്കിൽ ഇപ്പോൾ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടുകയാണ്. അവർ ഈ ചുമതലകൂടി വഹിക്കുന്നത് ഇരട്ടി ദുരിതമാകുന്നു.
പുതിയ കെട്ടിടം ഉയർന്നിട്ടും ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് പ്രവർത്തനം തുടങ്ങിയിട്ടില്ല. ആവശ്യമായ ഉപകരണങ്ങളും മറ്റും എത്താത്തതാണ് പ്രശ്നമായി പറയുന്നത്.
മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി
പയ്യന്നൂർ ഗവ. താലൂക്ക് ആസ്പത്രയിലെ ജീവനക്കാരുടെ കുറവ് ആസ്പത്രി അധികൃതർ അറിയിച്ചിരുന്നു. മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് -വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ.
