ഇറങ്ങരുതേ… കലിപ്പിലാണ് കടൽ
കണ്ണൂർ: “ഞങ്ങൾ കഴിഞ്ഞ ദിവസമല്ലേ കടലിൽ ഇറങ്ങിയത്. അപ്പോഴൊന്നും സംഭവിച്ചില്ലല്ലോ. പിന്നെ നിങ്ങൾക്കെന്താ കുഴപ്പം…’ പയ്യാന്പലം ബീച്ചിൽ കടലിൽ ഇറങ്ങണമെന്ന് വാശിപിടിച്ച യുവാക്കളിൽ ഒരാൾ ലൈഫ് ഗാർഡിന് നേർക്ക് തട്ടിക്കയറി. പയ്യാന്പലത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഇതൊരു പതിവുകാഴ്ചയാണ്. തങ്ങളുടെ സുരക്ഷയെ കരുതിയാണ് നിയന്ത്രണങ്ങളെന്നുപോലും ഓർക്കാതെ പലരും ലൈഫ് ഗാർഡുകളുടെ കണ്ണുവെട്ടിച്ച് കടലിലിറങ്ങുകയും തടയാൻ ശ്രമിക്കുന്പോൾ തട്ടിക്കയറുകയുമാണ്.
അടുത്തിടെ കർണാടകയിൽ നിന്ന് എത്തിയ വിനോദസഞ്ചാരി പയ്യാന്പലത്ത് മുങ്ങിമരിച്ചിരുന്നു. തുടർന്ന് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെയും കോസ്റ്റൽ പോലീസിന്റെയും നിർദേശപ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇപ്പോൾ കാലവർഷം ശക്തമാകുകയും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്തതോടെ കർശനമാക്കി. കണ്ണൂരിലെ മറ്റ് ബീച്ചുകളെ അപേക്ഷിച്ച് പയ്യാന്പലത്ത് തീരത്തോട് ചേർന്നുതന്നെ കടലിന് കൂടുതൽ ആഴമുണ്ട്. മൺസൂൺ കാലത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ചിലർ മുന്നറിയിപ്പുകൾ അവഗണിച്ച് ആഴമുള്ള ഭാഗങ്ങളിലേക്ക് നീന്താൻ പോകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി ലൈഫ് ഗാർഡ് ചാൾസൺ ഏഴിമല പറയുന്നു.
ബീച്ചിൽ കൂടുതൽ സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകളും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ചുവന്ന പതാകകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇതൊക്കെ അവഗണിച്ചാണ് വിനോദസഞ്ചാരികളും നാട്ടുകാരും കടലിൽ ഇറങ്ങുന്നത്. 400 മീറ്ററോളം ഭാഗത്ത് ഇത്തരത്തിൽ ചുവന്ന കൊടികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ കയർകെട്ടി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയുമുണ്ട്. വെള്ളം അടിച്ചുകയറുന്ന തീരത്തോട് ചേർന്നുള്ള ഭാഗത്ത് കയർകെട്ടി ആളുകളെ നിയന്ത്രിക്കാനാണ് ആലോചന. കോവളം പോലുള്ള ബീച്ചുകളിൽ കയർകെട്ടി ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ, വ്യാപ്തി കൂടുതലായതിനാൽ പയ്യാന്പലത്ത് ഇതുവരെ കയർവേലി കെട്ടിയിരുന്നില്ല.
സാധാരണ മേയ് മുതൽ സെപ്റ്റംബർ വരെ പയ്യാന്പലത്ത് കടലിൽ ഇറങ്ങുന്നതിന് നിയന്ത്രണമുണ്ട്. കാലാവസ്ഥ വ്യതിയാനം അനുസരിച്ച് ഇതിൽ ചിലപ്പോൾ മാറ്റങ്ങളുണ്ടാകും. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് കർണാടകയിൽ നിന്ന് എത്തുന്ന തീർഥാടകരുടെ പ്രിയപ്പെട്ട ഇടമായി പയ്യാന്പലം ബീച്ച് മാറിയിട്ടുണ്ട്. മേയ്, ജൂൺ മാസങ്ങളിലുള്ള തീർഥാടകപ്രവാഹം വരും വർഷങ്ങളിൽ കൂടുതൽ വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
