ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വേറിട്ട പ്രചാരണ പരിപാടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ‘മധുരമുള്ള വോട്ട്’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പെയ്‌ന്റെ ഭാഗമായി കന്നി വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യും.
തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലെത്തുന്ന യുവ വോട്ടർമാർക്കാണ് മധുരം നൽകുക. വോട്ടിംഗിനോടുള്ള യുവാക്കളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ കൈമാറി.
ഇത്തവണത്തെ വോട്ടർപട്ടിക പ്രകാരം സംസ്ഥാനത്ത് 4,66,408 കന്നി വോട്ടർമാരാണുള്ളത്. വിധി നിർണ്ണയിക്കുന്നതിൽ ഈ ജെൻസി വോട്ടർമാർ വലിയ സ്വാധീനം ചെലുത്തും. ഏപ്രിൽ 9-നാണ് കേരളം വിധിയെഴുതുന്നത്. മെയ് 4-ന് വോട്ടെണ്ണൽ നടക്കും.
യുവ വോട്ടർമാരെ ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിലൂടെ പോളിംഗ് ശതമാനം വർദ്ധിപ്പിക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയ വഴി വോട്ട് തേടുമ്പോൾ, മധുരം നൽകി വോട്ടർമാരെ സ്വീകരിക്കുന്ന കമ്മീഷന്റെ നീക്കം കൗതുകകരമാണ്.
