‘കിംവദന്തികളിൽ വിശ്വസിക്കരുത്, പരിഭ്രാന്തരായി ഇന്ധനം വാങ്ങി കൂട്ടരുത്’: പൊതുജനങ്ങളോട് കേന്ദ്ര സർക്കാർ
ന്യൂഡൽഹി ∙ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തുടനീളം ഇന്ധന വിതരണം സുസ്ഥിരമാണെന്നും പെട്രോൾ പമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പരിഭ്രാന്തരായി ഇന്ധനം വാങ്ങി കൂട്ടരുതെന്നും പൊതുജനങ്ങളോട് സർക്കാർ അഭ്യർഥിച്ചു.
രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ ശേഖരമുണ്ട്. കിംവദന്തികൾ കാരണം ചിലയിടങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചത്. എല്ലാ റിഫൈനറികളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം ലഭ്യമാണ്. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെങ്കിലും, ഇന്ത്യയിൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്. വിതരണ കേന്ദ്രങ്ങളിൽ സിലിണ്ടറുകൾക്ക് ക്ഷാമമില്ല. അത്യാവശ്യ മേഖലകളെ സഹായിക്കുന്നതിനായി വാണിജ്യ എൽപിജി വിഹിതം സർക്കാർ 50 ശതമാനമായി ഉയർത്തി. ഹോട്ടലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, അതിഥി തൊഴിലാളികൾ എന്നിവർക്കായിരിക്കും ഇതിൽ മുൻഗണന.
എൽപിജിക്ക് ഉള്ള ആവശ്യം കുറയ്ക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് 48,000 കിലോ ലീറ്റർ അധിക മണ്ണെണ്ണ അനുവദിച്ചു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതിനോടകം രാജ്യത്തുടനീളം 2600 ഓളം റെയ്ഡുകൾ നടക്കുകയും 195 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ തുറമുഖങ്ങളുടെ പ്രവർത്തനം തടസമില്ലാതെ നടക്കുകയാണ്. ഇന്ത്യൻ കപ്പലുകൾക്കോ നാവികർക്കോ നിലവിൽ ഭീഷണിയില്ല.
പശ്ചിമേഷ്യയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ട്. ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 4.5 ലക്ഷം പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
