ടീച്ചർമാർ റോഡ് ഷോ നടത്തി
തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമളയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ടീച്ചർമാർ റോഡ് ഷോ നടത്തി. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, പേരാവൂർ മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജ, തളിപ്പറമ്പ് മണ്ഡലം സ്ഥാനാർഥി പി.കെ. ശ്യാമള എന്നിവരാണു റോഡ് ഷോയിൽ പങ്കാളികളായത്. ചിറവക്കിൽ നിന്നാരംഭിച്ച റോഡ് ഷോ ബക്കളം, ധർമശാല, പറശിനിക്കടവ്, പാടിക്കുന്ന് വഴി ചെക്യാട്ട് കാവിൽ സമാപിച്ചു.
തുടർന്ന് നേതാക്കളും പ്രവർത്തകരും പ്രകടനമായി മയ്യിൽ ടൗണിലെത്തി. ചിറവക്കിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, എൽഡിഎഫ് നേതാക്കളായ എ. പ്രദീപൻ, കെ.വി. ഗോപിനാഥ്, കെ. സന്തോഷ്, ടി. ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. മയ്യിലിൽ നിന്ന് ഡിജെ പാർട്ടി അകമ്പടിയോടെ നടന്ന റോഡ് ഷോ ടൗൺ ചുറ്റി മയ്യിൽ സിആർസിക്ക് മുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന യോഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. എം.വി. സുശീല അധ്യക്ഷത വഹിച്ചു . ടി.കെ. സുലേഖ പ്രസംഗിച്ചു. ഇന്നലെ രാവിലെ പി.കെ. ശ്യാമള ചെക്കിക്കുളം ചട്ടുകപ്പാറ സ്കൂൾ, ചെറുവത്തല മൊട്ട മാണിയൂർ സെൻട്രൽ എൽപി സ്കൂൾ, ബാങ്കുകൾ, ദിനേശ് ഗാർമെന്റ്സ്, അപ്പാരൽ പാർക്ക്, ഗവ. ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു.
