എട്ട് മാസത്തിന് ശേഷം ബ്രിട്ടീഷ് എയർവേസ് ദുബൈ സർവിസ് പുനരാരംഭിച്ചു
ദുബൈ/ ലണ്ടൻ: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതോടെ നിർത്തിവെച്ച ദുബൈ സർവിസ് പുനരാരംഭിച്ച് ബ്രിട്ടീഷ് എയർവേസ്. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേസ് വിമാനം കഴിഞ്ഞ ദിവസം ദുബൈയിലെത്തി. അതേസമയം, അബൂദബി, റിയാദ്, ബഹ്റൈൻ സർവിസുകൾ പുനരാരംഭിക്കുന്നത് വൈകും. ദോഹയിലേക്കുള്ള സർവിസ് സെപ്റ്റംബർ ഒന്നിന് പുനരാരംഭിച്ചിരുന്നു.
ലണ്ടൻ- ദുബൈ റൂട്ടിൽ ശൈത്യകാലത്ത് ദിവസേന ഒരു സർവീസാണ് നടത്തുക. 2027ലെ വേനൽക്കാലം മുതൽ സർവീസ് ദിവസേന രണ്ടെണ്ണമായി വർധിപ്പിക്കാനാണ് എയർലൈനിന്റെ പദ്ധതി. അബൂദബിയിലേക്കുള്ള വിമാനങ്ങൾ ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. 2027-28 ശൈത്യകാലത്തോടെ മാത്രമേ അബൂദബി സർവീസുകൾ പുനരാരംഭിക്കൂ എന്നാണ് നിലവിലെ അറിയിപ്പ്.ദോഹയിലേക്കുള്ള സർവീസ് സെപ്റ്റംബർ ഒന്നിന് പുനരാരംഭിച്ചിരുന്നു. നിലവിൽ ദിവസേന ഒരു വിമാനമാണുള്ളത്. അമ്മാനിലേക്കുള്ള സർവീസ് നവംബർ നാലിന് ആഴ്ചയിൽ നാല് വിമാനങ്ങളുമായി പുനരാരംഭിക്കാനാണ് തീരുമാനം. റിയാദിലേക്കുള്ള സർവീസുകൾ 2027 ജനുവരി 11 വരെ നിർത്തിവെച്ചിട്ടുണ്ട്. ബഹ്റൈനിലേക്കുള്ള വിമാനങ്ങൾ മാർച്ച് അവസാനം വരെ ഉണ്ടാകില്ല.
ബ്രിട്ടീഷ് എയർവേയ്സ് ദുബൈ സർവീസ് പുനരാരംഭിക്കുമ്പോഴും മറ്റു പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ മടക്കസർവീസുകൾ വൈകിക്കുകയാണ്. എയർ ഫ്രാൻസ് നവംബർ ഏഴ് വരെയും ലുഫ്താൻസ, സ്വിസ്, യൂറോവിങ്സ് നവംബർ 25 വരെയും സർവിസ് നടത്തുന്നില്ല. ഓസ്ട്രിയൻ എയർലൈൻസ് ഡിസംബർ 12ന് സർവീസ് തുടങ്ങും. സിംഗപ്പൂർ എയർലൈൻസ് 2027 ഫെബ്രുവരി 28 വരെയാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങളും സുരക്ഷാ ആശങ്കകളുമാണ് മേഖലയിലെ വിമാന സർവീസുകളെ ബാധിച്ചത്.
