ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും താമസസ്ഥലത്തു തന്നെ വോട്ടു ചെയ്യാം
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസിൽ കൂടുതൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പോളിംഗ് ബൂത്തിൽ പോകാതെ താമസസ്ഥലത്ത് തന്നെ വോട്ടു ചെയ്യാം. ഇവർ ഫോം 12 ഡി യിലൂടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ബൂത്ത് ലെവൽ ഓഫീസർമാർ വഴി സമർപ്പിക്കണം. അർഹരാണെന്ന് കണ്ടെത്തുന്നവർക്ക് പോളിംഗ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം പോസ്റ്റൽ ബാലറ്റുകൾ അവരുടെ താമസസ്ഥലത്ത് എത്തിച്ചു നൽകും. പോസ്റ്റൽ ബാലറ്റുകൾ നിശ്ചിത ദിവസം പോളിംഗിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ അനുബന്ധം 12 പ്രകാരം പട്ടികയിൽ ഉൾപ്പെട്ട വോട്ടറുടെ വീട്ടിലെത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തും.
തപാൽ വഴി വോട്ട് ചെയ്യുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വോട്ടറെ ബോധ്യപ്പെടുത്തുകയാണ് ആദ്യ പടി. രഹസ്യാത്മകത ഉറപ്പാക്കി സ്വതന്ത്രമായും സ്വാധീന രഹിതമായും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കും. ഏതെങ്കിലും വോട്ടർക്ക് അന്ധതയോ ശാരീരിക ബലഹീനതയോ കാരണം സ്വന്തമായി വോട്ട് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സഹായം സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ സഹായം തേടുന്നവർ സഹായി ഡിക്ലറേഷൻ നൽകണം.
രജിസ്റ്ററിൽ വോട്ടറുടെ വിവരങ്ങൾ രേഖപ്പെടുത്തി ഒപ്പ് വാങ്ങിയശേഷം പോസ്റ്റൽ ബാലറ്റിന്റെ കൗണ്ടർ ഫോയിലിൽ വോട്ടറുടെ പാർട്ട് നമ്പറും ക്രമനമ്പറും രേഖപ്പെടുത്തി ബാലറ്റ് മുറിച്ച് വോട്ടർക്ക് നൽകും. വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് ചെറിയ കവറിൽ ഇട്ട് സീൽ ചെയ്ത് പോളിംഗ് ഓഫീസർക്ക് കൈമാറും. പോൾ ചെയ്ത് പോസ്റ്റൽ ബാലറ്റുകൾ വരണാധികാരിക്ക് എത്തിച്ചു നൽകും. പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച എല്ലാ വിവരങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ ഫോർ അബ്സെന്റീ വോട്ടേഴ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആൻഡ് പേഴ്സൺ വിത്ത് ഡിസബിലിറ്റി വഴിയാണ് ഇത് പ്രാവർത്തികമാക്കുക.
ജില്ലയിലെ 11 മണ്ഡലങ്ങളിലായി 85 വയസിനു മുകളിൽ പ്രായമുള്ള 18,810 വോട്ടർമാരും 22,908 ഭിന്നശേഷി വോട്ടർമാരുമാണുള്ളത്. മണ്ഡലം തിരിച്ച് 85 വയസ് കഴിഞ്ഞ വോട്ടർമാരുടെ കണക്ക്. പയ്യന്നൂർ-1649, കല്യാശേരി-1675, തളിപ്പറമ്പ്-1906, ഇരിക്കൂർ-2284, അഴീക്കോട്-1431, കണ്ണൂർ-1507, ധർമടം-1780, തലശേരി-1633, കൂത്തുപറമ്പ്-1433, മട്ടന്നൂർ-1791, പേരാവൂർ-1721. വിവിധ മണ്ഡലങ്ങളിലെ ഭിന്നശേഷി വോട്ടർമാർ: പയ്യന്നൂർ-1930, കല്യാശേരി-1561, തളിപ്പറമ്പ്-2813, ഇരിക്കൂർ-2839, അഴീക്കോട്-1465, കണ്ണൂർ-1319, ധർമടം-2349, തലശേരി-2080, കൂത്തുപറമ്പ്-2222, മട്ടന്നൂർ-2366, പേരാവൂർ-1964.
അപേക്ഷകൾ 23നകം പൂരിപ്പിച്ച് നൽകണം
കണ്ണൂർ: താമസ സ്ഥലത്ത് വോട്ടു ചെയ്യുന്ന 85 വയസും അതിനു മുകളിലുമുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷി വോട്ടർമാർ എന്നിവർ പോസ്റ്റൽ വോട്ടുകൾക്കുള്ള പൂരിപ്പിച്ച അപേക്ഷ 23 നകം അതാത് വരണാധികാരികൾക്ക് ലഭ്യമാക്കണം. പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന് നോഡൽ ഓഫീസർമാരുടെ യോഗം ഇതു സംബന്ധിച്ച് നോഡൽ ഓഫീസർമാർക്ക് നിർദേശം നൽകി. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോമുകളുടെ വിതരണം 21 നകം പൂർത്തിയാക്കണം. പോസ്റ്റൽ വോട്ടിനുള്ള ഫോം 12 ഡി യുടെ വിവരങ്ങൾ യഥാസമയം ഇലക്ട് വൺ സാരഥി മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്തണം. പോസ്റ്റൽ വോട്ട് ആവശ്യമില്ലെന്ന് വോട്ടർ അറിയിക്കുകയാണെങ്കിൽ അതും രേഖപ്പെടുത്തണം.
അവശ്യ സേവന വിഭാഗത്തിൽ പെടുന്നവരുടെ തപാൽ വോട്ടുകൾ കൈകാര്യം ചെയ്യുന്നതിലും സൂക്ഷ്മത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു. യോഗത്തിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. എൻ. സിബി, റിട്ടേണിംഗ് ഓഫീസർമാർ, നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
