പെട്രോൾ പന്പിലെ ഡീസൽ ടാങ്കിൽ ചോർച്ച കണ്ടെത്തിയില്ല
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വലിയപറമ്പുംകരിയിൽ വീട്ടു കിണറ്റിൽ ഡീസൽ കലർന്ന സംഭവത്തിൽ സമീപത്തെ പെട്രോൾ പന്പിലെ ഡീസൽ ടാങ്ക് പരിശോധിച്ചു. പരിശോധനയിൽ ടാങ്കിന് ചോർച്ചയില്ലെന്ന് കണ്ടെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ അധികൃതർ സ്ഥലത്തെത്തി ടാങ്ക് പുറത്തെടുത്ത് നടത്തിയ പ്രഷർ പരിശോധയിലാണ് ചോർച്ച ഇല്ലെന്ന് കണ്ടെത്തിയത്.
എങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് നിലം കോൺക്രീറ്റ് ചെയ്തും നാലുഭാഗം കോൺക്രീറ്റ് ഭിത്തികളോടും കൂടിയ സംവിധാനം ഒരുക്കി പുതിയ ടാങ്ക് സ്ഥാപിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് അധികൃതർ കന്പനി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
പരിശോധന നടത്താൻ എത്തിയ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ സീനിയർ മാനേജർആർ. രമേഷ് കൃഷ്ണൻ കന്പനിക്ക് റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കോൺക്രീറ്റ് സംവിധാനമൊരുക്കി പുതിയ ടാങ്ക് സ്ഥാപിക്കണമെന്ന് കാണിച്ച് പഞ്ചായത്തും കോർപറേഷന് കത്ത് നൽകും. കിണറിൽ ഡീസൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികളും പമ്പുടമയും തമ്മിൽ ആഴ്ചകളായി തർക്കം തുടരുന്ന സാഹചര്യത്തിലായിരുന്നു പരിശോധന നടത്തിയത്.
ഡീസൽ ടാങ്ക് പുറത്തെടുത്ത് വെള്ളം നിറച്ച ശേഷം ഉയർന്ന മർദത്തിൽ വായു നിറച്ച് (10 കെജി പ്രഷർ) രണ്ടു മണിക്കൂർ കഴിഞ്ഞ് പരിശോധിച്ചപ്പോൾ ടാങ്കിലെ വായു മർദം കുറഞ്ഞില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ടാങ്കിൽ ചോർച്ച ഇല്ലെന്ന് സ്ഥിരീകരിച്ചത്. പഞ്ചായത്ത് ഭരണ സമിതിയുടെയും പോലീസ് നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.അതേ സമയം എവിടെ നിന്നാണ് കിണറിലേക്ക് ഡീസൽ എത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഇതിനു മുന്പ് ടാങ്ക് പരിശോധിക്കാൻ എത്തിയ കരാറുകാരൻ ഉൾപ്പടെയുള്ള സംഘത്തെ രണ്ടു തവണ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പെട്രോളിയം കോർപറേഷന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ എൻജിനിയർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതേ തുടർന്ന് ആഴ്ചകളായി പന്പിൽ ഡീസൽ വില്പന ഇല്ലായിരുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം: പഞ്ചായത്ത്
സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും പാലിച്ചും ജനങ്ങൾക്ക് ആശങ്കയ്ക്ക് ഇട ഉണ്ടാകാത്ത തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കിയും പന്പ് പ്രവർത്തിപ്പിക്കണമെന്ന് പഞ്ചായത്തധികൃതർ നിർദേശം നൽകി. പഴയ ടാങ്ക് വീണ്ടും ഇറക്കി ഒരു പരീക്ഷണത്തിന് തയാറല്ലെന്ന് പഞ്ചായത്തധികൃതരും നാട്ടുകാരും പറഞ്ഞു. പഞ്ചായത്ത് നിർദേശിച്ച പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഡീസൽ വില്പന അനുവദിക്കൂ എന്ന് നാട്ടുകാർ വ്യക്തമാക്കി.
കിണറ്റിൽ ഡീസൽ കലരുന്ന വിഷയത്തിൽ പെട്രോൾ പമ്പ് അസോസിയേഷൻ ഭാരവാഹികളും പ്രദേശവാസികളുമായി ഇന്നലെയും തർക്കമുടലെടുത്തിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ , ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് എം. കണ്ടത്തിൽ ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മേഴ്സി, പഞ്ചായത്ത് അംഗങ്ങളായ ഷെമീന , ടോമി സൈമൺ ,ഷിബോ അഗസ്റ്റിൻ ,ലൈലാമ്മ മാത്യു തുടങ്ങിയവരും പരിശോധനാ സ്ഥലത്തെത്തിയിരുന്നു.
