കൂട്ടുകാരന്‍റെ ബാഗ് വാങ്ങിയത് വിനയായി; ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സിംഗപ്പുരില്‍നിന്നു കൊണ്ടുവന്ന 1.86 കോടി രൂപയുടെ ബൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവ ഡോക്ടര്‍മാരെ എയര്‍പോര്‍ട്ട് കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം അധികൃതര്‍ പിടികൂടി. കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34) , കണ്ണൂര്‍ സ്വദേശി ലിബിന്‍ദാസ് (27) എന്നിവരാണ് പിടിയിലായത്.
ലിബിന്‍റെ ലഗേജില്‍ ഒളിപ്പിച്ച നിലയില്‍ ആറ് കവറുകളിലായിട്ടാണ് മയക്കുമരുന്നു സൂക്ഷിച്ചിരുന്നത്. സിംഗപ്പുരിൽനിന്നു കഴിഞ്ഞ ദിവസം രാത്രി എത്തിയ സ്‌കൂട്ട് വിമാനത്തിലെ യാത്രികരായിരുന്നു പിടിയിലായ ഇരുവരും. ചൈനയിലെ വൂഹാന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവരാണ് ആനന്ദും ലിബിന്‍ദാസും.
ആഴ്ചകള്‍ക്കു മുമ്പ് തായ്‌ലന്‍ഡിലെത്തിയ ആനന്ദ് ജയപ്രകാശ് അവിടെനിന്നു ഹൈബ്രിഡ് കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിംഗപ്പുരിലെത്തുകയായിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ ആനന്ദിന്‍റെ ജൂണിയറായിരുന്ന ലിബിന്‍ദാസിനെ സിങ്കപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് കണ്ടുമുട്ടിയത്. തായ്‌ലന്‍ഡില്‍നിന്നു മടങ്ങിയെത്തുന്നവരുടെ ലെഗേജുകള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ കര്‍ശന പരിശോധന നടത്തുന്നതിനാല്‍ ലെഗേജ് പുറത്തിറക്കാന്‍ സഹായിക്കണമെന്ന് ആനന്ദ് ലിബിനോട് ആവശ്യപ്പെടുകയായിരുന്നു.
അതുപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇരുവരും ലഗേജുകള്‍ പരസ്പരം കൈമാറുകയും ലിബിന്‍റെ ലെഗേജുമായി ആനന്ദ് കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തു കടക്കുകയുമായിരുന്നു.
എന്നാല്‍, ലിബിന്‍റെ കൈവശമുണ്ടായിരുന്ന ആനന്ദിന്‍റെ ലഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ലിബിനെ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. തുടര്‍ന്നു ലിബിനെ കോടതിയില്‍ എത്തിച്ചു റിമാന്‍ഡ് ചെയ്തു.
വിമാനത്താവളത്തില്‍ നിന്നു രക്ഷപ്പെട്ട ആനന്ദ് ജയപ്രകാശിനെ കസ്റ്റംസിന്‍റെ പ്രത്യേക അന്വേഷണ സംഘം പിന്നീട് പിടികൂടുകയായിരുന്നു. ഒരു കാരണവശാലും മറ്റ് യാത്രക്കാരുടെ ലഗേജുകള്‍ വാങ്ങരുതെന്നു കസ്റ്റംസ് അധികൃതര്‍ യാത്രക്കാർക്കു കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
